തിരുവനന്തപുരം: യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിലെയും പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെയും പ്രതി നസീമും സംഘവും പൊതുമുതൽ നശിപ്പിച്ച കേസിൽ കുറ്റവിമുക്തരായി. പൊലീസ് ജീപ്പടക്കം അടിച്ചു തകര്‍ത്ത് പൊതു മുതല്‍ നശിപ്പിച്ച കേസില്‍ നസീമടക്കം 10 പ്രതികളെയാണ് വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയത്. യൂണിവേഴ്‌സിറ്റി കോളേജ് എസ് എഫ് ഐ മുന്‍ സെക്രട്ടറി നസീമിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാര്‍ക്ക് നോട്ടീസും നിലനിന്ന കേസിലാണ് നടപടി.
എഫ്‌ഐആറില്‍ 20 വനിതാ പ്രവര്‍ത്തകരടക്കം കണ്ടാലറിയാവുന്ന 200 എസ് എഫ്‌ഐ പ്രവര്‍ത്തകരെന്ന് രേഖപ്പെടുത്തുകയും അന്തിമ കുറ്റപത്രത്തില്‍ വെറും 10 പേരെ മാത്രം പ്രതികളാക്കുകയും ചെയതതടക്കം പൊലീസ് ചെയ്ത ‘ഉദാരമായ‘ സഹായവും പ്രതികൾക്ക് ഗുണകരമായി. ഇത്തരത്തിലുള്ള നടപടികൾക്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പൊലീസിനെ ശകാരിച്ചു.
പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടിയുള്ള സര്‍ക്കാരിന്റെ പിന്‍വലിക്കല്‍ ഹര്‍ജി അംഗീകരിച്ചാണ് കോടതി നിരുപാധികം 10 പ്രതികളെയും വിട്ടയച്ചത്. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിലും പി എസ് സി നടത്തിയ കെ എ പി ബറ്റാലിയന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പു കേസിലും ഉള്‍പ്പെട്ട നസീമിനെ സി പി എം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചെങ്കിലും പിന്നീടും ‘കരുതൽ‘ തുടരുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവ് പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് പിന്‍വലിക്കല്‍ ഉത്തരവ് ഇറക്കിയത്. നസീമിനെതിരെ കുരുക്ക് മുറുകുന്നുവെന്ന് മനസിലാക്കിയ പിണറായി സര്‍ക്കാര്‍ കേസ് അപ്പാടെ പിന്‍വലിക്കാന്‍ ഉത്തരവ് ഇറക്കുകയായിരുന്നു. പൊതു മുതല്‍ നശിപ്പിച്ചതിന് നസീമിനും കൂട്ടാളികള്‍ക്കുമെതിരെ 2016 ഫെബ്രുവരി എട്ടിനാണ് മ്യൂസിയം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസിന്റെ അനാസ്ഥയും അലംഭാവവും കാരണം ഓരോ തവണയും വാറണ്ടുകൾ മടങ്ങുകയായിരുന്നു.
Discussion about this post