ഡൽഹി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരനായകൻ ക്യാപ്റ്റൻ വിക്രം ബാത്രയുടെ ജീവിതകഥ പറയുന്ന ‘ഷേർഷാ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കരൺ ജോഹറാണ്. ചിത്രത്തിൽ സിദ്ധാർത്ഥ് മൽഹോത്രയാണ് ക്യാപ്റ്റൻ വിക്രം ബാത്രയായി വേഷമിടുന്നത്. വിഷ്ണു വർദ്ധനാണ് ചിത്രത്തിന്റെ സംവിധാനം.
സിദ്ധാർത്ഥ് മൽഹോത്രയുടെ സംഭാഷണത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. രാജ്യത്തോട് ഒരു സൈനികന്റെ കടമയെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ഏത് മതത്തേക്കാളും രാജ്യത്തോടുള്ള സ്നേഹം ഒരു സൈനികന്റെ ജീവിതത്തിൽ വലുതാണെന്ന് അദ്ദേഹം പറയുന്നു.
കാർഗിൽ യുദ്ധത്തിന്റെ നേർക്കാഴ്ചകളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാർഗിൽ യുദ്ധവിജയ കാലഘട്ടത്തിലെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പ്രസംഗവും ട്രെയിലർ ഉൾപ്പെടുത്തിയിട്ടുണ്ട്. വിക്രം ബാത്രയുടെ വ്യക്തി ജീവിതവും യുദ്ധകാലവുമെല്ലാം ട്രെയിലർ പരാമർശിക്കുന്നു.
വിക്രം ബാത്ര പാക് സൈനികരെ വകവരുത്തുന്ന രംഗം ആവേശകരമായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൃദയസ്പർശിയായ അനവധി രംഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ട്രെയിലറിന് മികച്ച പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.
Discussion about this post