തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധി തന്റെ നിലപാടുകള്‍ക്ക് ലഭിച്ച അംഗീകാരമെന്ന് കേസിലെ മുന്‍ സര്‍ക്കാര്‍ അഭിഭാഷക ബീന സതീഷ് പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സിപിഎം അനുകൂലികളായ ചില സഹപ്രവര്‍ത്തകരില്‍നിന്നും കടുത്ത എതിര്‍പ്പുകളും ഒറ്റപ്പെടുത്തലുകളുമാണ് നേരിടേണ്ടി വന്നത്. സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് ചികിത്സ തേടേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു.
കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിന്റെ പേരില്‍ തന്റെ കരിയരില്‍ നേരിടേണ്ടി വന്നത് കടുത്ത എതിര്‍പ്പുകളും ഒറ്റപ്പെടുത്തലുമെന്ന് അവര്‍ പറഞ്ഞു. ‘സര്‍ക്കാരിന്റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റി. ശുചിമുറി പോലുമില്ലാത്ത ഓഫീസിലേക്കാണ് വനിതയെന്ന പരിഗണന പോലും തരാതെ സ്ഥലം മാറ്റിയത്. 21 വര്‍ഷത്തെ സര്‍വീസിനിടെ ഒരു മെമോ പോലും സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടാക്കാത്ത ആളായിരുന്നു ഞാന്‍. അങ്ങനെയുള്ളപ്പോളാണ് ഒരു കേസിന്റെ ഭാഗമായി സ്ഥലം മാറ്റുന്നത്. അതെന്റെ സര്‍വീസ് ജീവിതത്തില്‍ ആദ്യത്തെ സംഭവമാണ്”. ബീന പറഞ്ഞു
‘എന്റെ നിലപാടുകള്‍ക്ക് നിയമം അറിയുന്നവര്‍ മുഴുവന്‍ പിന്തുണ നല്‍കി. വഞ്ചിയൂര്‍ കോടതി മുതല്‍ സുപ്രീം കോടതി വരെ എന്റെ നിലപാടുകള്‍ അംഗീകരിച്ചതില്‍ സംതൃപ്തിയുണ്ട്. എറണാകുളം എ.സി.ജെ.എം. കോടതിയില്‍ അവിടുത്തെ പ്രോസിക്യൂട്ടറാണ് കേസ് ഫയല്‍ ചെയ്തത്. അത് പിന്നീട് വഞ്ചിയൂര്‍ സി.ജെ.എമ്മിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അപ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ എന്ന പേരില്‍ രാജഗോപാല്‍ എന്നയാള്‍ രംഗത്ത് വന്നു. എന്നാല്‍, പ്രതിക്ക് കോടതിയില്‍ ഈ വിഷയത്തില്‍ വാദം പറയാനുള്ള അവകാശമില്ലെന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചത്. കോടതി അത് അംഗീകരിക്കുകയും ചെയ്തു.’ ബീന സതീഷ് കൂട്ടിച്ചേർത്തു.
നിരവധി വര്‍ഷം പ്രോസിക്യൂട്ടറായിരുന്ന രാജഗോപാല്‍ തന്നെ പലതവണ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. സര്‍ക്കാര്‍ നിലപാട് ശരിയല്ലാതിരുന്നതുകൊണ്ടാണ് കൂടെ നില്‍ക്കാതിരുന്നതെന്നും ബീന വ്യക്തമാക്കി.
കേസിലെ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവന്‍, കെ. അജിത് എന്നിവര്‍ വിചാരണ നേരിടണമെന്നാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് എം.ആര്‍. ഷാ ആയിരുന്നു ബെഞ്ചിലെ രണ്ടാമത്തെ അംഗം.
സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍നിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയില്‍ മാത്രമാണ്. 184-ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടി തെറ്റാണ്. എംഎല്‍എമാരുടെ നടപടികള്‍ ഭരണഘടനയുടെ അതിര്‍വരമ്ബുകള്‍ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിരക്ഷ പ്രയോജനപ്പെടുത്താനാവില്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു
Discussion about this post