കൊച്ചി: കൊലചെയ്യപ്പെട്ട വിദ്യാർത്ഥിനി മാനസയുടെയും കൊലപ്പെടുത്തിയ രഖിലിന്റെയും സംസ്കാരം അൽപ്പസമയത്തിനകം നടക്കും. മാനസയുടെ മൃതദേഹം രാവിലെ ഒൻപതരയോടെ പയ്യാമ്പലം ശ്മശാനത്തിലും രഖിലിന്റേത് പിണറായിയിലെ പൊതുശ്മശാനത്തിലുമാകും നടക്കുക.
കണ്ണൂർ എകെജി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മാനസയുടെ മൃതദേഹം നാറാത്തുള്ള വീട്ടിലെത്തിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്കാര ചടങ്ങുകൾ.
കൊലപാതകത്തിന് രഖിൽ ഉപയോഗിച്ച തോക്കുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്. ഇത് ബിഹാറിൽ നിന്ന് വാങ്ങിയതാണെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ മുങ്കർ ജില്ലയിലെ കള്ളത്തോക്ക് നിർമ്മാണശാല ബീഹാർ പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് പിടിച്ചെടുത്ത പിസ്റ്റളുകൾക്ക് രഖിലിന്റെ തോക്കുമായി സാദൃശ്യമുണ്ടായിരുന്നു.
മാനസയെക്കുറിച്ച് മനസിലാക്കാൻ കോതമംഗലത്തെ സഹപാഠികളുമായി രഖിൽ സൗഹൃദം സ്ഥാപിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനായി മാനസയുടെ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും.
Discussion about this post