കേരള സർക്കാരിന്റെ പുതിയ കൊവിഡ് മാനദണ്ഡങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ അലി അക്ബര്‍. ‘അഞ്ഞൂറ് രൂപ മുടക്കി ആര്‍പിസിആര്‍ ടെസ്റ്റ് നടത്തി 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം കിറ്റപ്പോ; അതേസമയം ബിവറേജില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നതിന് സര്‍ക്കാരിന് ഒരു സര്‍ട്ടിഫിക്കറ്റും വേണ്ട. എല്ലാവര്‍ക്കും ഇഷ്ടംപോലെ വന്ന് വാങ്ങി കുടിക്കാം”-പരിഹാസരൂപേണ അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം നടി രഞ്ജിനിയും പുതിയ നിയന്ത്രണങ്ങളില്‍ തന്റെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരുന്നു. ”പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ. നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍” എന്നായിരുന്നു താരത്തിന്റെ പ്രതികരണം. കടകളില്‍ എത്തുന്നവര്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവരാകണം. അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനകം കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണം എന്നതാണ് പുതിയ നിയന്ത്രണം. ഇതിനെ വിമര്‍ശിച്ചാണ് ഇരു താരങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മാറ്റമില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയെവെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്. നിയന്ത്രണങ്ങള്‍ സുപ്രീം കോടതി വിധി കൂടി പരിഗണിച്ചാണ്. കടകളില്‍ പോകുന്നതിന് ഒരു ഡോസ് വാക്സിന്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ തുടരുമെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്ന നിയന്ത്രണങ്ങളെ സഭയില്‍ ന്യായീകരിച്ച മന്ത്രി ഇതില്‍ നിന്നും പിന്നോട്ടില്ലെന്നും വ്യക്തമാക്കി. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുകയാണ്. ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. പെരുന്നാളിന് ഇളവ് നല്‍കിയതിനെതിരായ സുപ്രീം കോടതി ഉത്തരവ് കൂടി പരിഗണിച്ചാണ് നിയന്ത്രണങ്ങള്‍. പരമാവധി ആളുകള്‍ക്ക് ഉടന്‍ വാക്സിന്‍ നല്‍കും. ഒറ്റയടിക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ആകില്ലെന്നും ഇതെല്ലാം പരിഗണിച്ചുള്ള തീരുമാനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കിയ മന്ത്രി പ്രതിപക്ഷത്തിന്റെ പിന്തുണയും തേടി.
Discussion about this post