ഡൽഹി: തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ലോക്ക് ചെയ്ത നടപടിക്കു പിന്നാലെ ട്വിറ്ററിനെ രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിലെ രാഷ്ട്രീയ പ്രക്രിയയിൽ ട്വിറ്റർ ഇടപെടുകയാണെന്നും രാഹുൽ ആരോപിച്ചു
ട്വിറ്ററിന്റേത് രാഹുൽ ഗാന്ധിക്കെതിരായ ആക്രമണമല്ലെന്നും രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്ക്കെതിരായ ആക്രമണമാണെന്നും ഔദ്യോഗിക യൂട്യൂബ് ചാനൽ പുറത്തുവിട്ട വിഡിയോയിൽ അദ്ദേഹം പറഞ്ഞു. ”19–20 മില്യൻ ആളുകളാണ് ട്വിറ്ററിൽ എന്നെ പിന്തുടരുന്നത്. അഭിപ്രായം പറയാനുള്ള അവകാശമാണു നിങ്ങൾ ഇല്ലാതാക്കുന്നത്. നിഷ്പക്ഷമായ പ്ലാറ്റ്ഫോമാണ് ഇതെന്ന ആശയത്തെയാണ് അവർ ഇല്ലാതാക്കുന്നത്. രാഷ്ട്രീയ മത്സരത്തിൽ ഭാഗം പിടിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ട്വിറ്ററിനുണ്ടാകും”- രാഹുൽ മുന്നറിയിപ്പു നൽകി.
”ട്വിറ്റർ എന്നത് ഇപ്പോൾ നിഷ്പക്ഷമായൊരു പ്ലാറ്റ്ഫോം അല്ല. സർക്കാർ പറയുന്നതെന്തോ അതാണ് അവർ അനുസരിക്കുന്നത്. കേന്ദ്രസർക്കാരിനോടു വിധേയത്വമുള്ള കമ്പനിയെന്ന നിലയ്ക്ക് നമ്മുടെ രാഷ്ട്രീയം നിർവചിക്കാൻ അവരെ അനുവദിക്കണോ? നമ്മുടെ രാഷ്ട്രീയം നമ്മൾ തന്നെ നിർവചിക്കണോ? അതാണു ശരിയായ ചോദ്യം. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പാർലമെന്റിൽ ഞങ്ങൾക്കു സംസാരിക്കാൻ അവസരം ലഭിക്കുന്നില്ല. മാധ്യമങ്ങളെയും നിയന്ത്രിക്കുന്നു. ട്വിറ്ററിൽ നിലപാടറിയിക്കാൻ സാധിക്കുമെന്നാണു കരുതിയത്. എന്നാൽ അതും അങ്ങനെയല്ല” – രാഹുൽ ആരോപിച്ചു.
Discussion about this post