ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി പിച്ചിലെ ‘മഞ്ഞ്’ (Dew Factor) കളിയെ ബാധിക്കുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇന്ത്യൻ ഇതിഹാസ താരം രവിചന്ദ്രൻ അശ്വിൻ. ഇന്നലെ റായ്പൂരിൽ നടന്ന ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി20-യിൽ 209 റൺസ് ലക്ഷ്യം ഇന്ത്യ വെറും 15.2 ഓവറിൽ മറികടന്ന പശ്ചാത്തലത്തിലാണ് അശ്വിൻ തന്റെ അഭിപ്രായം പങ്കുവെച്ചത്.
രാത്രി മത്സരങ്ങളിൽ മഞ്ഞ് വീഴുന്നത് ബൗളർമാർക്ക് പന്ത് പിടിക്കാൻ പ്രയാസമുണ്ടാക്കുന്നു. ഇന്ത്യയെപ്പോലെ കടുത്ത മത്സരങ്ങളുള്ള രാജ്യത്ത്, ഇത്തരം സാഹചര്യങ്ങളിൽ പന്തെറിഞ്ഞ് റൺസ് വിട്ടുകൊടുക്കുന്നത് ഒരു താരത്തിന്റെ കരിയർ തന്നെ അവസാനിപ്പിക്കാൻ കാരണമായേക്കാം. ഇത് അങ്ങേയറ്റം അനീതിയമാണെന്ന് അശ്വിൻ പറഞ്ഞു.
ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകളിൽ ടോസ് വിജയിക്കുന്നവർക്ക് മാത്രം മുൻതൂക്കം ലഭിക്കുന്ന സാഹചര്യം ഉണ്ടാകരുത്. മഞ്ഞ് വീണാൽ കളിക്കാരുടെ വൈദഗ്ധ്യത്തിന് പ്രസക്തിയില്ലാതാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഞ്ഞ് വീഴാൻ സാധ്യതയുള്ള ഇടങ്ങളിൽ മത്സരങ്ങൾ ഉച്ചയ്ക്ക് നടത്തണം. അല്ലെങ്കിൽ കൃത്യമായ റെക്കോർഡുകൾ പരിശോധിച്ച് വേദികൾ തീരുമാനിക്കണം. മറ്റു രാജ്യങ്ങളെപ്പോലെ ഓരോ ഗ്രൗണ്ടിലെയും സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യയ്ക്കും കൃത്യമായ വിവരങ്ങൾ ഉണ്ടാകണമെന്നും അശ്വിൻ ആവശ്യപ്പെട്ടു.
ഇത് കൂടാതെ ഇഷാൻ കിഷന്റെയും (76) സൂര്യകുമാർ യാദവിന്റെയും (82*) ബാറ്റിംഗ് മികവിനെ അശ്വിൻ പ്രശംസിച്ചു. നനഞ്ഞ പന്തുപയോഗിച്ച് കുൽദീപ് യാദവ് നടത്തിയ പ്രകടനവും മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കുൽദീപ് ഇന്നലെ 2 വിക്കറ്റ് നേടിയിരുന്നു. എങ്കിലും, എത്ര കഠിനാധ്വാനം ചെയ്താലും പൊരുതാൻ പോലും കഴിയാത്ത രീതിയിൽ സാഹചര്യങ്ങൾ മാറുന്നത് ക്രിക്കറ്റിന് ഗുണകരമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.










Discussion about this post