വാഷിങ്ടണ്‍: കാബൂളില്‍ 182 പേര് കൊല്ലപ്പെടാനിടയായ സ്ഫോടനം ആസൂത്രണം ചെയ്ത ഐ.എസ്-ഖുറാസാന്‍ (ഐ.എസ്-കെ) ചാവേറിനെ വധിക്കാന്‍ നടത്തിയ ആക്രമണത്തിന് അമേരിക്ക ഉപയോഗിച്ചത് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ പേരെഴുതിയ മിസൈല്‍. വ്യാഴാഴ്ച കാബൂള്‍ ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 13 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്കുള്ള ആദരാഞ്ജലി ആയിട്ടാണ് തിരിച്ചടിക്കാന്‍ ഉപയോഗിച്ച മിസൈലില്‍ സൈനികരുടെ പേര് എഴുതിയത്.
‘ഞങ്ങള്‍ 8/26/2021 ഓര്‍മിക്കും’ എന്നും മിസൈലില്‍ രേഖപ്പെടുത്തിയിരുന്നു. കാബൂള്‍ വിമാനത്താവളത്തിന്റെ കവാടത്തിനു സമീപം സ്ഫോടനം നടത്തിയ ഐ.എസ്-കെ ഭീകരസംഘടനയുടെ സൂത്രധാരനെ വധിച്ചതായി ഞായറാഴ്ച അമേരിക്ക വ്യക്തമാക്കിയിരുന്നു. നംഗര്‍ഹാര്‍ പ്രവിശ്യയിലേക്ക് റീപ്പര്‍ ഡ്രോണ്‍ വിട്ട് ഇയാളെ വധിച്ചതെന്നാണ് യു.എസ് സെന്‍ട്രല്‍ കമ്മാന്‍ഡ് വക്താവ് ബില്‍ അര്‍ബന്‍ വ്യക്തമാക്കിയത്. ഈ ആക്രമണത്തിന് ഉപയോഗിച്ച മിസൈലിലാണ് കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ പേരുകള്‍ രേഖപ്പെടുത്തിയത്.
വിമാനത്താവള ആക്രമണത്തിന് തിരിച്ചടിക്ക് ഉത്തരവിട്ടെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഈ ഡ്രോണ്‍ ആക്രമണമുണ്ടായത്.
Discussion about this post