കോഴിക്കോട്: കേരളത്തിൽ വീണ്ടും ഭീതിയായി നിപ രോഗബാധ. 2018-ല്‍ 21 പേരുടെ മരണത്തിനിടയാക്കിയ രോഗബാധ വീണ്ടും തല ഉയർത്തുമ്പോഴും ഉറവിടം അജ്ഞാതമാണ്. ഞായറാഴ്ച മരിച്ച മുഹമ്മദ് ഹാഷിം റമ്പുട്ടാന്‍ പഴം കഴിച്ചതില്‍നിന്നാവാം രോഗബാധിതനായതെന്നാണ് സംശയം. പക്ഷേ, സ്ഥിരീകരണമില്ല.
2018-ൽ രോഗം പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയ്ക്കു സമീപത്തു നിന്നുള്ള പ്രദേശത്തു നിന്ന് ഐ സി എം ആർ നടത്തിയ പരിശോധനയില്‍ പിടികൂടിയ 10 വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരുന്നു. അതേ വൈറസാണ് മനുഷ്യരിലും കണ്ടെത്തിയതെങ്കിലും അവയില്‍നിന്നാണോ ആദ്യം മരിച്ച സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്തിന് രോഗം ബാധിച്ചതെന്ന കാര്യത്തിലും സ്ഥിരീകരണമില്ല.
വവ്വാല്‍ കടിച്ച പഴം കഴിച്ചതുകൊണ്ടാവാം വൈറസ് ബാധയുണ്ടായതെന്നായിരുന്നു നിഗമനം. സാബിത്ത് രോഗം സ്ഥിരീകരിക്കുന്നതിനു മുന്‍പേ മരിച്ചതും ഉറവിടം കണ്ടെത്തുന്നതിന് പ്രതിബന്ധമായിരുന്നു. വവ്വാലില്‍ നിന്ന് നേരിട്ടാണോ പകര്‍ന്നത്, അതോ മനുഷ്യരുമായി ഇടപഴകുന്ന മറ്റേതെങ്കിലും ജീവിയില്‍നിന്നാണോ എന്നതും കണ്ടെത്തിയിരുന്നില്ല.
അതേസമയം വൈറസ് ഉറവിടത്തെക്കുറിച്ച് വീണ്ടും വിശദപഠനം നടത്താന്‍ ഐ.സി.എം.ആർ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് നിർദേശം നൽകിയിരിക്കുകയാണ്.
Discussion about this post