സിഡ്നി : അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ച താലിബാൻ രാജ്യത്തെ വനിതകളെ സ്‌പോര്‍ടിസില്‍ നിന്നും വിലക്കിയതിന് ചുട്ട മറുപടിയുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയ. സ്ത്രീകളെ കളിക്കുവാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അഫ്ഗാനിസ്ഥാന്‍ പുരുഷ ടീമുമായി നവംബറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങളില്‍ നിന്നും പിന്മാറുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചത്.
ഓസ്ട്രേലിയയിലെ ഹൊബാർട്ടിൽ ഈ വർഷം അവസാനം നടക്കേണ്ട ടെസ്റ്റ് മത്സരം റദ്ദാക്കുമെന്നാണ് ഓസ്ട്രേലിയയുടെ മുന്നറിയിപ്പ്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നിലപാട് വ്യക്തമാക്കിയത്.
ഓസ്‌ട്രേലിയയുടെയും അഫ്ഗാനിസ്ഥാന്റെയും പുരുഷ ടീമുകള്‍ നവംബര്‍ 27 മുതല്‍ ബ്ലണ്ട്‌സ്റ്റോണ്‍ അരീനയില്‍ ടെസ്റ്റ് മത്സരം നടത്താനാണ് തീരുമാനിച്ചിരുന്നത്. ലോകമെമ്പാടുമുള്ള വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം വളരെ വലുതാണെന്ന് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. താലിബാന്റെ തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായിട്ടാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇത്തരമൊരു കടുത്ത തീരുമാനം എടുത്തത്.
‘വനിതാ ക്രിക്കറ്റിന് അഫ്ഗാനിസ്ഥാനിൽ വിലക്കേർപ്പെടുത്തിയെന്ന മാധ്യമ വാർത്തകൾ സത്യമാണെങ്കിൽ, ഹൊബാർട്ടിൽ ഈ വർഷം അവസാനം നടത്താൻ പദ്ധതിയിട്ടിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽനിന്ന് പിൻമാറുകയല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല. ഈ സുപ്രധാന വിഷയത്തിൽ ഞങ്ങൾക്ക് ഉറച്ച പിന്തുണ നൽകുന്ന ഓസ്ട്രേലിയൻ സർക്കാരിനും ടാസ്മാനിയൻ സർക്കാരിനും നന്ദി’– പ്രസ്താവനയിൽ പറയുന്നു.
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നിലപാടിനെ പിന്താങ്ങി. ‘അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ സംഭവിക്കുന്നത് മനുഷ്യാവകാശപരമായ പ്രശ്നങ്ങളാണ്. അത് ക്രിക്കറ്റിനെയും ബാധിക്കുന്നതാണ്. റാഷിദ് ഖാനേപ്പോലുള്ള താരങ്ങൾ ഓസ്ട്രേലിയയിൽ വന്ന് ടെസ്റ്റ് കളിക്കുന്നതു കാണാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. പക്ഷേ, അതേ അവസരം റോയ സമീമിനും സംഘത്തിനും നിഷേധിക്കപ്പെടാൻ പാടില്ലെന്നാണ് ഞങ്ങളുടെ നയം’ – അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ വിഷയത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇടപെടണമെന്ന് ഓസ്ട്രേലിയൻ കായികമന്ത്രി റിച്ചാർഡ് കോൾബെക്ക് ആവശ്യപ്പെട്ടു. ‘കായികമേഖലയിൽ ഏതു തലത്തിലായാലും സ്ത്രീകളെ വിലക്കുന്നത് അംഗീകരിക്കാനാകില്ല. ഐസിസി ഉൾപ്പെടെയുള്ള രാജ്യന്തര കായിക സംഘടനകൾ ഈ വിഷയത്തിൽ ഇടപെട്ട് നിലപാട് വ്യക്തമാക്കണം’ – മന്ത്രി ആവശ്യപ്പെട്ടു.
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (എസിബി) തങ്ങളുടെ ആദ്യ വനിതാ ദേശീയ ടീമിനെ മത്സരിപ്പിക്കുവാന്‍ തയ്യാറെടുക്കുന്ന അവസരത്തിലാണ്, പുതുതായി രാജ്യം കീഴ്‌പ്പെടുത്തി ഭരണം സ്ഥാപിച്ച താലിബാന്‍ ഭീകരര്‍ വിലക്കുമായി വന്നത്. സ്‌പോര്‍ട്സില്‍ പങ്കെടുക്കുമ്പോൾ സ്ത്രീകളുടെ ശരീരം പുറത്ത് കാണുമെന്ന കാരണത്താലാണ് വനിതകളെ സ്‌പോര്‍ട്സില്‍ നിന്നും വിലക്കാന്‍ താലിബാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Discussion about this post