തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കാമെന്ന ആശങ്കകള്‍ നിലനില്‍ക്കേ രണ്ട് വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സീന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ഗുരുതര ന്യുമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കല്‍ ബാക്ടീരിയയെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള വാക്സിനാണ് ഇത്. കൊവിഡിന്റെ മൂന്നാം തരംഗം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കേന്ദ്ര പദ്ധതിയുടെ ഭാഗമായുള്ള വാക്സിന്‍ വിതരണത്തിന് കേരളം അനുമതി നല്‍കിയിരിക്കുന്നത്.
കേന്ദ്ര പദ്ധതിയായ യൂണിവേഴ്സല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സൗജന്യമായിട്ടാകും വാക്സിന്‍ സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. കുഞ്ഞുങ്ങളില്‍ കൊവിഡ് രൂക്ഷമായി ന്യുമോണിയയ്ക്കു കാരണമാകുന്നത് തടയുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വാക്സിന്‍ വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഈ വാക്സിന്‍ വിതരണം ചെയ്യുന്നുണ്ട്.
രക്തം, ചെവി, സൈനസ് എന്നിവയിലെ അണുബാധയ്ക്കും മെനിഞ്ചൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്കും ന്യൂമോകോക്കല്‍ ബാക്ടീരിയ കാരണമാകും. മറ്റ് സംസ്ഥാനങ്ങളില്‍ ഒന്നര മാസത്തിലും മൂന്നര മാസത്തിലും ഓരോ ഡോസും ഒരു വയസ്സു കഴിഞ്ഞ് ഈ വാക്സിന്റെ ബൂസ്റ്റര്‍ ഡോസും എടുക്കണം. കേരളത്തില്‍ വാക്സിന്‍ വിതരണത്തിനുള്ള വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതിനുള്ള പരിശീലനം എത്രയും വേഗം നല്‍കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Discussion about this post