തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എൻജിനിയറിങ് കോളേജുകളിലെ അധ്യാപകർ അയോഗ്യരാണെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) റിപ്പോർട്ട്. 961 അധ്യാപകർ അയോഗ്യരാണെന്നാണ് സർക്കാരിനും സാങ്കേതിക സർവകലാശാലയ്ക്കും സി.എ.ജി റിപ്പോർട്ട് നൽകിയത്.
സർക്കാർ എൻജിനിയറിങ് കോളേജുകളിൽ 93, എയ്ഡഡ് കോളേജുകളിൽ 49, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജിൽ 69, സ്വകാര്യ സ്വാശ്രയ കോളേജുകളിൽ 750 എന്നിങ്ങനെ അയോഗ്യരായ അധ്യാപകരുണ്ടെന്നാണ് സി.എ.ജി. കണ്ടെത്തിയത്. സ്വകാര്യ സ്വാശ്രയ കോളേജുകളിൽ മാത്രം അസോസിയേറ്റ് പ്രൊഫസർ-487, പ്രിൻസിപ്പൽ-4, പ്രൊഫസർ-259 എന്നിങ്ങനെയുള്ള നിയമനങ്ങൾ മാനദണ്ഡം മറികടന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഇതേത്തുടർന്ന്, സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകളിൽ നിയമിക്കപ്പെട്ട അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ സാങ്കേതിക സർവകലാശാല രജിസ്ട്രാർ കോളേജ് പ്രിൻസിപ്പൽമാരോട് രേഖാമൂലം ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ കൗൺസൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ 2019-ൽ പുറത്തിറക്കിയ മാനദണ്ഡങ്ങൾ മറികടന്ന്, യോഗ്യതകളിൽ സർക്കാർ ഇളവുകൾ നൽകിയിരുന്നു. അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, പ്രിൻസിപ്പൽ എന്നീ തസ്തികകളുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ സർക്കാർ തന്നെയാണ് പലപ്പോഴായി ഇളവുകൾ അനുവദിച്ചത്.
2019-ലെ എ.ഐ.സി.ടി.ഇ. മാനദണ്ഡമനുസരിച്ച് അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, പ്രിൻസിപ്പൽ എന്നിവരുടെ നിയമനത്തിന് പി.എച്ച്.ഡി. നിർബന്ധമാണ്. നേരത്തേ അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കുന്നവർ അതിനുശേഷം ഏഴുവർഷത്തിനുള്ളിൽ പിഎച്ച്.ഡി. എടുത്താൽ മതിയായിരുന്നു. സ്ഥാനക്കയറ്റത്തിന് പിഎച്ച്.ഡി. വേണമെന്ന് എ.ഐ.ടി.സി.ടി.ഇ. നിർദേശം പുതുക്കിയതോടെ ഒട്ടേറെപ്പേർ കോടതിയെ സമീപിച്ചെങ്കിലും എ.ഐ.സി.ടി.ഇ. മാനദണ്ഡം സുപ്രീം കോടതി ശരിവെച്ചു. അതോടെ സ്ഥാനക്കയറ്റത്തിന് പിഎച്ച്.ഡി. നിർബന്ധമായി മാറി.
അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ അധ്യാപകരുടെ യോഗ്യതകൾ സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് സർവകലാശാലകളുടെ അധികാര പരിധിയിൽ പെട്ടതാണെങ്കിലും സാങ്കേതിക സർവകലാശാല പരിശോധനകൾ നടത്തിയിരുന്നില്ല. ലോകായുക്ത ഉത്തരവോടെ ഉത്തരക്കടലാസുകളുടെ പുനഃപരിശോധന നടത്തിയ കുട്ടികൾക്ക് മികച്ച മാർക്ക് ലഭിച്ചത് കഴിഞ്ഞദിവസങ്ങളിൽ ചർച്ചയായിരുന്നു.
Discussion about this post