ഡല്‍ഹി രാജ്യതലസ്ഥാനത്ത് പോലീസ് സ്റ്റേഷൻ നേരെ ആക്രമണം നടത്തി സംഭവത്തില്‍ 53 ആഫ്രിക്കന്‍ പൗരന്മാര് അറസ്റ്റില്‍. ദ്വാരക ജില്ലയിലെ മോഹന്‍ ഗാര്ഡന് പോലീസ് സ്റ്റേഷന് നേരെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
കഴിഞ്ഞ ദിവസം ഒരു നൈജീരിയന്‍ സ്വദേശി പ്രദേശത്തെ ഒരു ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നാണ് മരണപ്പെട്ടതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ആഫ്രിക്കന്‍ വംശജര്‍ പ്രതിഷേധിക്കുകയായിരുന്നു. ആശുപത്രിയില്‍ പോലീസ് നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തിയ ഇവര്‍ ഉദ്യാഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
തൊട്ടുപിന്നാലെ നൂറോളം വരുന്ന സംഘം സംഘടിച്ച് മോഹന്‍ ഗാര്ഡന് പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ദണ്ഡുകളും വടികളും ഉപയോഗിച്ച് പോലീസ് സ്റ്റേഷന് തല്ലിതകര്‍ത്തു. ഇവരുടെ ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.
അക്രമം നടന്നതിന് തൊട്ടുപിന്നാലെ എട്ട് നൈജീരിയക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായവരില്‍ ഏറെയും നൈജീരിയക്കാരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
സംഭവത്തില്‍ വിശദ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.
Discussion about this post