മഞ്ചേശ്വരം: കോവിഡ് വ്യാപനത്തിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ കര്‍ണാടക സര്‍ക്കാര്‍ ഇളവുകൾ നൽകി തുടങ്ങി. കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് 48 മണിക്കൂര്‍ മുമ്പെടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇതില്ലാതെ എത്തുന്ന ആരെയും കടത്തിവിടാന്‍ അധികൃതര്‍ തയാറായിരുന്നില്ല. രണ്ട് ഡോസ് വാക്സിന്‍ എടുത്തവരെപോലും പരിഗണിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറായില്ല. രണ്ട് ഡോസ് എടുത്ത യാത്രക്കാരെ രാജ്യാന്തര യാത്രക്ക് അനുമതി നല്‍കുന്ന നയം സ്വീകരിച്ചപ്പോഴും കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക അയിത്തം തുടരുകയായിരുന്നു.
ഇതിനെതിരെ സമരങ്ങളും പ്രക്ഷോഭങ്ങളും തുടര്‍ന്നെങ്കിലും നിലപാടില്‍ മാറ്റം വരുത്താന്‍ കര്‍ണാടക തയാറായതുമില്ല. രോഗികള്‍ക്ക് ആംബുലന്‍സ് ഇല്ലാതെ സ്വകാര്യ വാഹനത്തില്‍ എത്തുന്നെങ്കില്‍ കടത്തി വിടാനുള്ള അനുമതി മാത്രമാണ് ആകെ ലഭിച്ച നേട്ടം.നെഗറ്റിവ് സര്‍ട്ടിഫിക്കറ്റിെന്‍റ കാലാവധി 48 മണിക്കൂര്‍ എന്നത് ഏഴുദിവസം എന്ന ഇളവ് കര്‍ണാടക ഇടക്ക് അനുവദിച്ചുകൊടുക്കുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ക്കും കച്ചവടം, സ്ഥിര യാത്രക്കാര്‍ തുടങ്ങിയവര്‍ക്കും പ്രത്യേക ഇളവ് അനുവദിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇതിനെതിരെ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം. അഷ്റഫ് നിലവില്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുകയും ചെയ്തു.ഇതേത്തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി തലപ്പാടി ദേശീയപാത വഴിയുള്ള യാത്രക്കാരെ പരിശോധിക്കുന്നതില്‍നിന്നും ജില്ല ഭരണകൂടം അയഞ്ഞുതുടങ്ങിയിട്ടുണ്ട്. കര്‍ശന പരിശോധന വേണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.
എന്നാല്‍, പരിശോധന വേണ്ടെന്നോ നിയന്ത്രണം ഒഴിവാക്കാനോ ഔദ്യോഗികമായി അറിയിപ്പ് പൊലീസിന് കൊടുത്തിട്ടില്ല. ദേശീയപാത വഴിയുള്ള കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ നാല് ദിവസമായി പരിശോധന കൂടാതെ കര്‍ണാടകയിലേക്ക് യാത്ര പോകുന്നുണ്ട്. പരിശോധന പേരിനുമാത്രമാക്കി ചുരുക്കിയിട്ടുണ്ട്. അതേസമയം, മഞ്ചേശ്വരം താലൂക്കിലെ പ്രദേശങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് കടക്കാനുള്ള മറ്റു 17 റോഡ് വഴികളില്‍ക്കൂടി മൂന്നാഴ്ച മുമ്പേ പരിശോധന ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post