തിരുവനന്തപുരം: അൻപത്തിയൊന്നാമത് കേരള സംസ്ഥാന അവാർഡിന് ജൂറിയ്‌ക്ക് മുന്നില്‍ 80 സിനിമകളാണ് വന്നത്. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി 80 സിനിമകള്‍ സമര്‍പ്പിച്ചതില്‍ കലാകാരന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായി ജൂറി ചെയര്‍പേഴ്‌സൺ സുഹാസിനി മണിരത്നം പറഞ്ഞു.ഈ കൊവിഡിന്റെ സാഹചര്യത്തിലും കലാമൂല്യവും കാലഘട്ടത്തിനനുസരിച്ചുളള സിനിമകള്‍ എടുക്കുവാന്‍ സാധിക്കുന്നത് മലയാളത്തില്‍ മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ജയസൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തത് ജൂറി ഏകകണ്ഠമായാണ്. എന്നാല്‍ മികച്ച നടിയെ തിരഞ്ഞെടുക്കുന്നതില്‍ ജൂറി പരിഗണനയില്‍ വന്ന ഏഴ് പേരും മികച്ച അഭിനയം കാഴ്‌ചവെച്ചു, എന്നാല്‍ പെണ്‍കുട്ടിയുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുന്ന വേഷം നന്നായി അഭിനയിച്ചതിനാണ് അന്നാ ബെന്നിനെ മികച്ച നടിയായി തിരഞ്ഞെടുത്തത്. മികച്ച സിനിമയായി തിരഞ്ഞെടുത്ത ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ജനാധിപത്യം ഉയര്‍ത്തി കാണിക്കുന്ന സിനിമയാണ്’- സുഹാസിനി പറഞ്ഞു.
ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിന് ചലച്ചിത്ര അക്കാദമി ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പുരസ്‌കര പ്രഖ്യാപനമാണിത്.കൊവിഡ് വരുന്നതിന് മുമ്ബ് തീയറ്ററുകളിലും അതിനുശേഷം ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും പ്രേക്ഷകര്‍ കണ്ടതുംകാണാത്തതുമായ ഇരുപതിലേറെ ചിത്രങ്ങളാണ് അന്തിമജൂറിയുടെ പരിഗണനയില്‍ വന്നത്.
കന്നഡ സംവിധായകന്‍ പി ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍, ഛായാഗ്രാഹകന്‍ സി കെ മുരളീധരന്‍, സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, സൗണ്ട് ഡിസൈനര്‍ എം ഹരികുമാര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍ ശശിധരന്‍ എന്നിവരും അന്തിമ ജൂറിയില്‍ അംഗങ്ങളായിരുന്നു.
Discussion about this post