മാതൃകമ്പനിയുടെ പേര് “മെറ്റ” എന്ന് മാറ്റുന്നതായി പ്രഖ്യാപിച്ച് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ്. സോഷ്യൽ നെറ്റ്വർക്കിന് അപ്പുറത്തുള്ള ഭാവിയെ പ്രതിനിധീകരിക്കുന്നതിനായിട്ടാണെന്ന് വ്യാഴാഴ്ച പേരുമാറ്റം പ്രഖ്യാപിച്ച് സക്കർബർഗ് പറഞ്ഞു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവ അതിന്റെ പേരുകൾ നിലനിർത്തും എന്നാൽ ഇവയെല്ലാം അതിന്റെ മാതൃകമ്പനി “മെറ്റ” യുടെ കീഴിലായിരിക്കും പ്രവർത്തിക്കുക.
“സാമൂഹിക പ്രശ്നങ്ങളുമായി പൊരുതുന്നതിൽ നിന്നും അടഞ്ഞ ഇടങ്ങളിൽ ജീവിക്കുന്നതിൽ നിന്നും നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിച്ചു, ഇപ്പോൾ നമ്മൾ പഠിച്ച കാര്യങ്ങളെ എല്ലാം ഉപയോഗിച്ച് അടുത്ത അധ്യായം തുറക്കാൻ സഹായിക്കേണ്ട സമയമാണിത്,” ആന്വൽ ഡെവലപ്പേഴ്സ് കോൺഫറൻസിൽ മാർക്ക് സക്കർബർഗ് പറഞ്ഞു.
“ഇന്ന് മുതൽ നമ്മുടെ കമ്പനി “മെറ്റ” എന്ന പേരിൽ അറിയപ്പെടും. ഈ പ്രഖ്യാപനത്തിൽ ഞാൻ അഭിമാനിക്കുന്നു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുക എന്ന നമ്മുടെ ദൗത്യം അതേപടി തുടരും, നമ്മുടെ ആപ്പുകളും അവയുടെ പേരുകൾക്കും മാറ്റമില്ല,” മാർക്ക് സക്കർബർഗ് കൂട്ടിച്ചേർത്തു.
ടെക് ഭീമനായ ഫേസ്ബുക്ക് അതിന്റെ ഭാവിയായി കാണുന്ന ഇന്റർനെറ്റിന്റെ “മെറ്റാവേർസ്” വെർച്വൽ റിയാലിറ്റി പതിപ്പിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായാണ് മാതൃകമ്പനിക്ക് “മെറ്റ” എന്ന പേര് നൽകിയിരിക്കുന്നത്.
“മെറ്റാവേസ്” നിർമ്മിക്കുന്നതിനായി യൂറോപ്യൻ യൂണിയനിൽ നിന്നും 10,000 പേരെ നിയമിക്കുന്നതിനുള്ള പദ്ധതികൾ ഫേസ്ബുക്ക് പ്രഖ്യാപിച്ചു, സക്കർബർഗ് ഈ ആശയത്തിന്റെ മുൻനിര പ്രമോട്ടറായിരിക്കും.
Discussion about this post