കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ നടപടിയുണ്ടാകുകയുള്ളൂവെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍.
‘വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പ്രഥമദൃഷ്ട്യാ സത്യമല്ലെന്നാണ് മനസിലാകുന്നത്. കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ അതിന് നിയമനടപടികളിലേക്ക് പോവുകയുള്ളൂ’- കമ്മിഷണര്‍ പറഞ്ഞു.
ഇന്ധന വിലവര്‍ധനക്കെതിരേ കോണ്‍ഗ്രസ് നടത്തിയ വഴി തടയില്‍ സമരത്തിനിടെ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്‍ ജോജു ജോര്‍ജ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് വ്യക്തമാക്കി വനിതാ പ്രവര്‍ത്തകര്‍ മരട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
‘മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നു. അതിനാല്‍ തന്നെ അവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് മരട് പോലീസ് നടപടികളിലേക്ക് കടന്നത്. വനിത പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയോ അസഭ്യം പറയുകയോ ചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. സംഭവ സ്ഥലത്തെ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമേ കേസില്‍ നടപടിയുണ്ടാവുകയുള്ളൂ’- പോലീസ് വ്യക്തമാക്കുന്നു.
Discussion about this post