കോട്ടയം: എം.ജി. സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥിനി ദീപാ പി. മോഹനന്റെ സമരത്തില്‍ നടപടിയുടെ ഭാഗമായി നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നന്ദകുമാര്‍ കളരിക്കലിനെ മാറ്റി. സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ചാണ് മാറ്റം. നന്ദകുമാര്‍ വിദേശത്ത് ആയതിനാലാണ് ചുമതലയില്‍ നിന്ന് മാറ്റിയത് എന്നാണ് വിശദീകരണം. സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ് പകരം ചുമതല ഏറ്റെടുത്തു.
വിഷയത്തില്‍ എം.ജി. സര്‍വകലാശാലയുടെ പത്രക്കുറിപ്പ് പുറത്തിറങ്ങിയിട്ടില്ല. സമരം പെട്ടെന്ന് അവസാനിപ്പിക്കുക എന്നാതാണ് ഈ നീക്കത്തിന്റെ പ്രധാന ഉദ്ദേശം. ഇതിന്റെ ഭാഗമായാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഇന്നു രാവിലെ വിഷയത്തില്‍ ഇടപെട്ടത്. നന്ദകുമാറിനെ മാറ്റാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനത്തിന് മന്ത്രിയുടെ ഇടപെടല്‍ പ്രേരകമായെന്നാണ് വിലയിരുത്തപ്പെടുന്നത്. നിരാഹാര സമരം ഇന്ന് ഒന്‍പതാം ദിവസത്തിലേക്ക് കടന്നിരുന്നു.
വിഷയത്തില്‍ ഉറപ്പു മാത്രം പോരാ, നന്ദകുമാറിനെ ചുമതലയില്‍നിന്ന് നീക്കണം എന്നായിരുന്നു വിഷയത്തെ കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ദീപയുടെ നിലപാട്. അതിനാല്‍ത്തന്നെ വിഷയം കൂടുതല്‍ വഷളാകുന്നതിന് മുന്‍പേ തന്നെ തീര്‍പ്പാക്കുക എന്ന നീക്കത്തിലേക്കാണ് സര്‍വകലാശാല കടന്നത്.
Discussion about this post