കൊച്ചി : മിനിസ്ക്രീന്‍ താരങ്ങളായ നടി ചന്ദ്ര ലക്ഷ്മണും നടന്‍ ടോഷ് ക്രിസ്റ്റിയും വിവാഹിതയായി. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍വച്ചായിരുന്നു ചടങ്ങ് നടന്നത് . വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഒരു സ്വകാര്യ ചാനലിലെ പരമ്പരയിൽ നായകനും നായികയുമായെത്തിയതോടെയാണ് ഇരുവരും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായത്. തങ്ങളുടെ വിവാഹം വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണെന്നു നടി മുന്‍പ് വ്യക്തമാക്കിയിരുന്നു.
‘പരസ്പരം സംസാരിച്ചപ്പോള്‍ രണ്ടാള്‍ക്കും ഇഷ്ടായി. അദ്ദേഹം നല്ല മനുഷ്യനാണ്. എല്ലാവരെയും സന്തോഷത്തോടെ കൊണ്ടുപോകാന്‍ കഴിവുള്ള വ്യക്തി. അതാണ് എന്നെ ആകര്‍ഷിച്ചത്.’ ചന്ദ്രാ ലക്ഷ്മണ്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ആദം എന്ന കഥാപാത്രമായിട്ടാണ് ടോഷ് ക്രിസ്റ്റി പരമ്പരയില്‍ അഭിനയിച്ചത്. ഏറെ സ്വീകാര്യത ലഭിച്ച കഥാപാത്രങ്ങളായിരുന്നു ഇരുവരുടേതും. പരമ്പരയിലെ പോലെ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് സുഹൃത്തുക്കള്‍. വര്‍ഷങ്ങളായി സിനിമ മേഖലയിലുള്ളവരാണ് ഇരുവരും.
മനസ്സെല്ലാമെന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര ലക്ഷ്‍മണ്‍ ആദ്യമായി വെള്ളിത്തിരയുടെ ഭാഗമാകുന്നത്. സ്റ്റോപ് വയലൻസെന്ന ചിത്രത്തിലൂടെ മലയാളത്തിലും ആദ്യമായി അഭിനയിച്ചു. ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബല്‍റാം വിഎസ് താരാദാസ്, കാക്കി തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചന്ദ്ര ലക്ഷ്‍മണ്‍ ചെയ്‍തിട്ടുണ്ട്. സഹസ്രം എന്ന ചിത്രത്തിലൂടെയാണ് ടോഷ് ക്രിസ്റ്റി വെള്ളിത്തിരയുടെ ഭാഗമാകുന്നത്.













Discussion about this post