ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഡിസംബര്‍ മൂന്നോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് എത്തി ‘ജവാദ്’ എന്ന ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അടുത്ത 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും. പിന്നീട് ഇത് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നത്. ഇത് ആന്ധ്രാ- ഒഡിഷാ തീരം തൊടും. എന്നാല്‍ ജവാദ് ചുഴലിക്കാറ്റ് കേരളത്തില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. സൗദി അറേബ്യയാണ് പുതിയ ചുഴലിക്കാറ്റിന് ജവാദ് എന്ന പേര് നിര്‍ദ്ദേശിച്ചത്.
സംസ്ഥാനത്ത് എവിടെയും നിലവില്‍ മഴ മുന്നറിയിപ്പില്ല. ഇന്ന് രാവിലെ വന്ന മഴ മുന്നറിയിപ്പില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ടായിരുന്നു. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം.
മദ്ധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്ത് നാളെയോടെ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെട്ടേക്കും. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാദ്ധ്യത ഉള്ളതിനാല്‍ കേരളാതീരത്ത് മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇല്ലെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
Discussion about this post