കൊല്ലം: കടിച്ച പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയ യുവാവിന് വിഷബാധയേറ്റ് ദാരുണാന്ത്യം. തെന്മല ഇടമൺ സ്വദേശി ബിനുവാണ് മരിച്ചത്. 41 വയസ്സായിരുന്നു.
പുനലൂർ, കരവാളൂർ മാത്രയിൽ വെച്ച് വെള്ളിയാഴ്ച രാത്രിയായിരുന്നു ബിനുവിന് പാമ്പ് കടിയേറ്റത്. ബന്ധു വീട്ടിലേക്ക് വരുന്ന വഴി തോട്ടിൽ കാൽ കഴുകാൻ ഇറങ്ങിയപ്പോഴായിരുന്നു പാമ്പ് കടിച്ചത്. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പാമ്പിനെ പിടികൂടിയ ബിനു റോഡിലെത്തി നാട്ടുകാരെയും വനപാലകരെയും വിവരമറിയിച്ചു. തുടർന്ന് വനപാലകരെത്തി പാമ്പിനെ ഏറ്റ് വാങ്ങിയിരുന്നു.
എന്നാൽ അൽപ്പസമയത്തിനകം ബിനുവിന് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും രാത്രി പത്തോടെ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post