ഇടുക്കി: കേരളത്തിന്റെ നിർദേശങ്ങൾക്കും അപേക്ഷകൾക്കും പുല്ലുവില കൽപ്പിച്ച് തമിഴ്നാട്. മുല്ലപ്പെരിയാറിലെ 9 ഷട്ടറുകൾ തമിഴ്നാട് കൂടുതൽ ഉയർത്തി. 120 സെന്റി മീറ്റർ അധികമായാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്.
നിലവിൽ 12654.09 ക്യുസെക്സ് ജലമാണ് പെരിയാറിലേക്കെത്തുന്നത്. ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. സാധാരണയിലും കൂടുതൽ വെളളം തുറന്ന് വിടുന്നതിനാൽ പെരിയാറിൽ ജലനിരപ്പ് ഉയരുകയാണ്.
കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം, വികാസ് നഗർ, നല്ല്തമ്പി കോളനി എന്നിവിടങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ആളുകളെ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റുന്നതായി പീരുമേട് തഹസീൽദാർ അറിയിച്ചു.ദുരിതാശ്വാസ ക്യാമ്പുകൾ ക്രമീകരിച്ചു.
പലയിടത്തും ആളുകൾ ബന്ധുവീടുകളിലേക്ക് മാറിത്തുടങ്ങി. മുല്ലപ്പെരിയാറിലെ ഷട്ടറുകൾ രാത്രിയിൽ തുറക്കുന്ന തമിഴ്നാടിന്റെ രീതി അംഗീകരിക്കാനാകില്ലെന്ന് കേരള നേതാക്കൾ പറയുന്നുണ്ടെങ്കിലും തമിഴ്നാട് അതൊന്നും വകവെക്കുന്നില്ല.
Discussion about this post