കോട്ടയം: ‘മരക്കാർ- അറബിക്കടലിന്റെ സിംഹം‘ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന സിനിമയെന്ന് ഷോൺ ജോർജ്ജ്. അടുത്ത സുഹൃത്തുക്കളോട് മരക്കാർ സിനിമ കാണാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്തോ വലിയ പാപം ചെയ്യാൻ പോകുന്ന രീതിയിലാണ് അവരെല്ലാം പെരുമാറിയത്. തീയേറ്ററിൽ ചെന്നപ്പോഴും മറ്റൊരു സിനിമ കാണാൻ നിൽക്കുന്നവർ തന്നെയും കുടുംബത്തെയും പരിഹാസത്തോടെയാണ് നോക്കിയതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു.
ഈ സിനിമയെക്കുറിച്ച് സമൂഹത്തിൽ പ്രചരിച്ചിരിക്കുന്ന അപഖ്യാതികൾ വളരെ വലുതായിരുന്നു. വളരെ മോശമായിരിക്കും എന്ന കാഴ്ചപ്പാടിലാണ് ഓരോ മിനിറ്റും സിനിമ കണ്ടത്. ഇന്റർവെൽ ആയപ്പോൾ ഭാര്യയോട് ചോദിച്ചു, ഇത്രയും ആളുകൾ മോശം പറയുന്ന ഈ സിനിമയിൽ ഇതുവരെ എനിക്ക് കുഴപ്പം ഒന്നും തോന്നിയില്ല നിനക്ക് എന്തെങ്കിലും തോന്നിയോ എന്ന്. തനിക്കും ഒരു കുഴപ്പവും തോന്നിയില്ലെന്നാണ് ഭാര്യ മറുപടി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റർവെല്ലിന് ശേഷമായിരിക്കും മോശം എന്ന് ആളുകൾ പറഞ്ഞതെന്ന് വിചാരിച്ച് സിനിമ കാണൽ തുടർന്നു.അവസാനം വരെയും കണ്ടപ്പോഴും ഒരു ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ ഒരു സിനിമ. ഒരു ചരിത്ര സിനിമ ചരിത്രത്തെ വളച്ചൊടിക്കാതെ നിർമ്മിച്ചു എന്നതാണോ ഈ സിനിമയുടെ അണിയറ പ്രവർത്തകർ ചെയ്ത തെറ്റ് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ഷോൺ ജോർജ്ജ് പറയുന്നു.
ഇപ്പോൾ നടക്കുന്ന പ്രചരണങ്ങൾ ആസൂത്രിതമാണെന്ന് പലരും പറഞ്ഞിട്ടും താൻ വിശ്വസിച്ചില്ല. കാരണം പ്രേക്ഷകർ ആണല്ലോ ഒരു ചിത്രം നല്ലതാണോ മോശമാണോ എന്ന് തീരുമാനിക്കുന്നത്. എന്നാൽ ആ പ്രേക്ഷകരെയും സ്വാധീനിക്കാൻ തക്ക രീതിയിൽ കുപ്രചരണങ്ങൾ ഈ സിനിമയ്ക്കെതിരെ നടന്നു എന്ന് സിനിമ കണ്ട താൻ സാക്ഷ്യപ്പെടുത്തുന്നു.
ഒരു ചരിത്ര സിനിമയിൽ എന്താണോ ഉണ്ടാകേണ്ടത് അതെല്ലാം ഈ സിനിമയിലുണ്ട്. എന്റെ അഭിപ്രായത്തിൽ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് ഇത്… എല്ലാവരും കണ്ടിരിക്കേണ്ട സിനിമ… ഷോൺ ജോർജ്ജ് പറഞ്ഞു.
Discussion about this post