കൊച്ചി: മറ്റ് രാജ്യങ്ങൾക്ക് അവരുടെ പ്രധാനമന്ത്രിമാർ അഭിമാനമായിരിക്കില്ല, എന്നാൽ നമുക്ക് അഭിമാനമാണെന്ന് കേരള ഹൈക്കോടതി. കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. മറ്റ് രാജ്യങ്ങളിലെ വാക്സിൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിമാരുടെ ചിത്രമില്ല എന്ന ഹർജിക്കാരന്റെ വാദമാണ് കോടതി ഇപ്രകാരം തള്ളിയത്.
രാഷ്ട്രീയ അഭിപ്രായങ്ങൾ ഭിന്നമായിരിക്കാം, എന്നാൽ അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണെന്നത് മറക്കരുതെന്നും കോടതി പറഞ്ഞു. നൂറ് കോടി ജനങ്ങൾക്കില്ലാത്ത പ്രശ്നം ഹർജിക്കാരന് മാത്രം ഉണ്ടാകാൻ കാരണമെന്താണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ചോദിച്ചു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ പേരിലുള്ള സ്ഥാപനത്തിലാണ് ഹർജിക്കാരൻ പണിയെടുക്കുന്നത്. എന്താ ആ സ്ഥാപനത്തിൽ നിന്നും നെഹ്രുവിന്റെ പേര് മാറ്റണം എന്ന് താങ്കൾക്ക് തോന്നാത്തത് എന്നും കോടതി ചോദിച്ചു.
നിലവിലെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ലാത്ത സർട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ പീറ്റർ നൽകിയ ഹർജിയിലാണ് കോടതിയുടെ രൂക്ഷ വിമർശനം. ‘അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്, അമേരിക്കയുടേതല്ല. ഏതെങ്കിലും കുറുക്ക് വഴിയിൽ കൂടിയല്ല മോദി പ്രധാനമന്ത്രിയായത്. ജനങ്ങൾ തെരഞ്ഞെടുത്തിട്ടാണെന്നും കോടതി വ്യക്തമാക്കി.
മോദിയെ ടിവിയിൽ കാണുമ്പോൾ നിങ്ങൾ കണ്ണടയ്ക്കുമോ എന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു.
Discussion about this post