കൊച്ചി: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് എട്ട് വയസ്സുകാരിയെയും പിതാവിനെയും പരസ്യമായി അപമാനിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ മാപ്പപേക്ഷ അംഗീകരിക്കാൻ കഴിയില്ലെന്ന് പെൺകുട്ടിയുടെ അഭിഭാഷക ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി എടുക്കാത്തതിന് സർക്കാരിനെ വീണ്ടും കോടതി വിമർശിച്ചു. സ്ഥലം മാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി എടുക്കാൻ വൈകുന്നത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു.
പൊലീസ് ഉദ്യോഗസ്ഥയുടേത് നിരുപാധിക മാപ്പപേക്ഷയല്ലേയെന്നും അത് അംഗീകരിച്ചു കൂടേയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പെൺകുട്ടിയോട് ചോദിച്ചു. എന്നാൽ കുട്ടി വലിയ തോതിലുള്ള മാനസിക സംഘർഷം അനുഭവിച്ചുവെന്നും അതിനാൽ മാപ്പപേക്ഷ അംഗീകരിക്കാൻ സാധിക്കില്ലെന്നും അഭിഭാഷക മറുപടി നൽകി.
നേരത്തെ കുട്ടിയോട് നിരുപാധികം മാപ്പ് ചോദിച്ച് കൊണ്ട് ഹൈക്കോടതിയിൽ പൊലീസ് ഉദ്യോഗസ്ഥ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ കേസിൽ കേരള പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്ന തരത്തിൽ റിപ്പോർട്ട് നൽകിയ ഡിജിപിയെയും കോടതി വിമർശിച്ചിരുന്നു.
കുട്ടിയെ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്താണ് അവകാശം? യൂണിഫോമിട്ടാൽ എന്തും ചെയ്യാം എന്നാണോ? എന്തുകൊണ്ടാണ് കുട്ടിയുടെ വിഷയത്തിൽ ബാലാവകാശ നിയമ പ്രകാരം കേസെടുക്കാൻ പറ്റാത്തത് എന്ന് കോടതി ചോദിച്ചിരുന്നു. കുട്ടിക്ക് ഉണ്ടായ മനോവേദന പരിഹരിക്കാൻ സർക്കാരിന് എന്ത് ചെയ്യാൻ സാധിക്കും എന്നും കോടതി ചോദിച്ചിരുന്നു. സർക്കാർ ഇടപെട്ടില്ലെങ്കിൽ സ്വയം ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
Discussion about this post