ഡൽഹി: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ചവരെ സംരക്ഷിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര മന്ത്രിമാർ. വിദേശകാര്യസഹമന്ത്രി വി മുരളീധരൻ, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ബിപിൻ റാവത്തിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ച് കേരള സർക്കാർ പ്ലീഡർ രശ്മിതാ രാമചന്ദ്രൻ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല.
സൈന്യത്തെ അപമാനിച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ നടപടി അന്ത്യന്തം ഖേദകരമാണെന്ന് മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇടത് പക്ഷം പ്രോത്സാഹിപ്പിച്ച , പ്രോത്സാഹിപ്പിക്കുന്ന രാഷ്‌ട്രീയ സംസ്‌കാരം എന്താണെന്നാണ് ഇത് വ്യക്തമാക്കുന്നത്. സൈനികരുടെ വിയോഗത്തിൽ രാജ്യത്തിനുണ്ടായ ദു:ഖം നാം കണ്ടതാണ്. ബിപിൻ റാവത്ത് രാജ്യത്തിന് നൽകിയ സംഭാവനകളിൽ ആർക്കും സംശയമില്ല. എങ്കിലും കേരളത്തിലെ ചില രാഷ്‌ട്രീയ പ്രവർത്തകർ നടത്തിയ പരാമർശങ്ങൾ രാജ്യത്തെ നിന്ദിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ ബിപിൻ റാവത്തിനെതിരെ ചിലർ നടത്തിയ പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ജനങ്ങൾ ഇതിന് ശ്രദ്ധകൊടുക്കരുത്. കേരളത്തിൽ നിന്നും നിരവധി പേരാണ് സേനയിൽ ചേർന്ന് രാജ്യത്തിനായി ജീവൻ ബലി നൽകിയത്. നിരവധി കുടുംബങ്ങളാണ് അവരുടെ മക്കളെ രാജ്യത്തിന് നൽകിയത്. ഇവരെയും, നമ്മുടെ മുഴുവൻ സേനയെയും പ്രതിനിധീകരിക്കുന്ന സംയുക്ത സൈനിക മേധാവിയെ അപമാനിച്ചത് നടക്കാൻ പാടില്ലാത്തതാണ്. രാജ്യത്തോടും, സൈനികരോടുമുള്ള സിപിഎമ്മിന്റെ നിലപാടാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. കമ്യൂണിസ്റ്റുകാർ ഇന്ത്യക്കാരാണ്. എന്നാൽ ഇന്ത്യയോട് സ്‌നേഹമില്ലെന്ന മുൻ ഉപപ്രധാനമന്ത്രി ഗുൽസാരിലാൽ നന്ദയുടെ പരാമർശവും രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു.
ഇന്ത്യയുടെ ദേശീയത സംരക്ഷിക്കുന്നതിനായുള്ള എല്ലാ പ്രവർത്തനങ്ങളോടും സിപിഎമ്മിന് എതിർപ്പാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. കേരളത്തിൽ നിന്നും ഹെലികോപ്റ്റർ അപകടം നടന്ന കോയമ്പത്തൂരിലേക്ക് വലിയ ദൂരമില്ല. എന്നിട്ടും സംഭവം നടന്ന സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായില്ല. എന്നാൽ വിവരം അറിഞ്ഞയുടൻ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൽ അവിടേക്ക് എത്തി. കേരള മുഖ്യമന്ത്രിയാണ് ആദ്യം എത്തേണ്ടിയിരുന്നത്. എന്നാൽ മുഖ്യമന്ത്രി ഇതിന് തയ്യാറായില്ലെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.
കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം പതിപ്പിച്ചത് ചോദ്യം ചെയ്ത് ചിലർ നൽകിയ ഹർജിയിൽ ഹൈക്കോടതി നിലപാട് പറഞ്ഞിരുന്നു. ഇത് നമ്മുടെ പ്രധാനമന്ത്രിയാണെന്നും എല്ലാ ഇന്ത്യക്കാരനും നേതാവായി അദ്ദേഹത്തെ കാണണമെന്നും അതിൽ അഭിമാനിക്കണമെന്നുമായിരുന്നു കോടതി പറഞ്ഞത്. രാജ്യത്തിന് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ കോടതി പ്രധാനപ്പെട്ടതായി കാണുമ്പോൾ ദേശീയതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികളെയാണ് കേരളത്തിലെ സർക്കാർ പിന്തുണയ്‌ക്കുന്നത്. ഒരു കാര്യമാണ് സർക്കാരിനോട് അപേക്ഷിക്കാനുള്ളത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കരുത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര മന്ത്രിമാർ ആവശ്യപ്പെട്ടു.
Discussion about this post