ഡൽഹി: മതപരിവർത്തനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് ആരാഞ്ഞ് വിശ്വ ഹിന്ദു പരിഷത്ത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി, കോൺഗ്രസ്, തൃണമൂൽ, ജെഡിയു, ആം ആദ്മി പാർട്ടി, സിപിഎം, ആർജെഡി, ശിവസേന തുടങ്ങിയ പാർട്ടികളിലെ എം പിമാരെ വി എച്ച് പി നേതാക്കൾ നേരിട്ട് കണ്ടു.
രാജ്യത്ത് നടക്കുന്ന നിർബന്ധിത മതപരിവർത്തനത്തിനെതിരെ ജാഗ്രത പാലിക്കുന്നതിനായി ഡിസംബർ 20 മുതൽ രാജ്യവ്യാപക പ്രചാരണ പരിപാടികൾക്ക് വി എച്ച് പി രൂപം നൽകി. ഡിസംബർ 31 വരെയാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ 23ന് ധർമ്മ രക്ഷാ ദിവസം ആചരിക്കാനും തീരുമാനമായി. ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പരിവർത്തനം ചെയ്യപ്പെട്ട ഹിന്ദുക്കൾക്ക് സ്വധർമ്മത്തിലേക്ക് മടങ്ങി വരുന്നതിന് വേണ്ടി ശുദ്ധി പ്രസ്ഥാനം സ്ഥാപിച്ച സ്വാമി ശ്രദ്ധാനന്ദ 1926 ഡിസംബർ 23നാണ് ബലിദാനിയായത്. ഇതിന്റെ സ്മരണയ്ക്കാണ് ധർമ്മ രക്ഷാ ദിവസം ആചരിക്കുന്നത്.
രാജ്യത്ത് ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചു വാഗ്ദാനങ്ങൾ നൽകിയും മതപരിവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇത്തരം നിയമവിരുദ്ധമായ മതപരിവർത്തനങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇത്തരം മതപരിവർത്തനങ്ങൾ വ്യാപകമാണ്. ഉത്തർ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ നിർബ്ബന്ധിത മതപരിവർത്തനങ്ങൾക്കെതിരെ നിയമം കൊണ്ടു വന്നിട്ടുണ്ട്. ഇതേ മാതൃകയിൽ രാജ്യവ്യാപകമായി നിയമം നടപ്പിലാക്കണമെന്ന് വി എച്ച് പി ദേശീയ വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ആവശ്യപ്പെട്ടു.
Discussion about this post