ഡൽഹി: ജൂൺ 17ലെ ദാർഭംഗ സ്ഫോടന കേസിലെ പ്രതികളായ അഞ്ച് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ എല്ലാവരും ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബയുടെ പ്രവർത്തകരാണ്. പാകിസ്ഥാനിലെ ലാഹോർ സ്വദേശിയായ ഇക്ബാൽ ഖാന്റെ പേരും കുറ്റപത്രത്തിലുണ്ട്.
ബിഹാറിലെ ദാർഭംഗ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ ഒരു പാഴ്സൽ പൊട്ടിത്തെറിച്ചതായിരുന്നു സംഭവം. ട്രെയിനിൽ പാഴ്സലിനുള്ളിൽ ഐ ഇ ഡി ബോംബ് നിറച്ച്, ഓടുന്നതിനിടെ സ്ഫോടനം നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. ഇങ്ങനെ സംഭവിച്ചാൽ ട്രെയിനിന് മുഴുവനായി തീ പിടിക്കുമെന്നും അതുവഴി വലിയ തോതിൽ ആൾനാശവും നാശനഷ്ടങ്ങളും വരുത്താമെന്നും പ്രതികൾ കണക്ക് കൂട്ടി.
പാക് സ്വദേശിയായ ലഷ്കർ ഭീകരൻ ഹഫീസ് ഇഖ്ബാലിന്റെ നിർദേശ പ്രകാരം പ്രതികളായ മുഹമ്മദ് നസീർ ഖാനും ഇമ്രാൻ മാലിക്കുമാണ് ബോംബ് സ്ഥാപിച്ചത്. പ്രാദേശികമായി സംഘടിപ്പിച്ച സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് പ്രതികൾ ബോംബ് നിർമ്മിച്ചത്.
രാത്രിയിൽ യാത്ര ആരംഭിക്കുന്ന സെക്കന്ദരാബാദ്- ദാർഭംഗ എക്സ്പ്രസ്സ് ആയിരുന്നു പ്രതികളുടെ ലക്ഷ്യം. പാഴ്സലിൽ സ്ഫോടനം നടന്നാൽ മറ്റ് പാഴ്സലുകളും കത്തുമെന്നും ഇത് ട്രെയിനിനെ മുഴുവനായി അഗ്നിക്കിരയാക്കുമെന്നും പ്രതികൾ കരുതി. രാത്രിയിൽ സ്ഫോടനം നടന്നാൽ ദീർഘനേരത്തേക്ക് രക്ഷാപ്രവർത്തനത്തിന് ആരും എത്തില്ലെന്നും, ഉറക്കത്തിലാകുന്ന ഭൂരിപക്ഷം യാത്രക്കാരും കത്തിയമരുമെന്നുമായിരുന്നു പ്രതികളുടെ നീചമായ കണക്ക് കൂട്ടൽ.
സ്ഫോടനത്തിന് മുന്നോടിയായി മുഖ്യപ്രതിയായ നസീർ ഖാൻ പാകിസ്ഥാനിലേക്ക് പോയെന്നും ചാരവൃത്തി, ആയുധങ്ങൾ കൈകാര്യം ചെയ്യൽ, തുടങ്ങി ഭീകരവാദ പ്രവർത്തനങ്ങളുടെ സമസ്ത മേഖലകളിലും പരിശീനം നേടിയെന്നും എൻ ഐ എ കണ്ടെത്തി. സ്ഫോടനത്തിന് ശേഷം പ്രതികളെ നേപ്പാൾ വഴി രക്ഷപ്പെടുത്താനും പാകിസ്ഥാൻ പദ്ധതിയിട്ടു. എന്നാൽ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ സമയോചിതമായ ഇടപെടൽ പ്രതികളുടെ എല്ലാ പദ്ധതികളും തകർക്കുകയായിരുന്നു.
Discussion about this post