തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടെ 550 പേരെ പങ്കെടുപ്പിച്ച് സിപിഎം തിരുവാതിര കളി നടത്തിയതിൽ രാജ്യവ്യാപകമായി രൂക്ഷമായ വിമർശനം. ഒമിക്രോൺ ജാഗ്രതയിൽ ആൾക്കൂട്ട നിയന്ത്രണം നിലനിൽക്കെ സംഘടിപ്പിച്ച പരിപാടി വൻ വിവാദമാകുകയാണ്. സിപിഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്.
കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ചത്.
കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളിൽ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികൾ ഓൺലൈനാക്കണം, പൊതുയോഗങ്ങൾ കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. എന്നാൽ ഇതിന് പുല്ലുവില കൽപ്പിച്ചാണ് പാർട്ടി തന്നെ നിയന്ത്രണം ലംഘിച്ചിരിക്കുന്നത്.
സിപിഎം പാറശ്ശാല ഏരിയ കമ്മിറ്റിയിലെ സ്ത്രീകളാണ് സമൂഹ തിരുവാതിരയില്‍ പങ്കെടുത്തത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പൊലീസ് ഇതൊന്നും കാണാതെ നിയമലംഘകർക്ക് സുരക്ഷ ഒരുക്കുകയായിരുന്നു. സംഭവം ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചാ വിഷയമായിരിക്കുകയാണ്.
Discussion about this post