മനോരമ ന്യൂസിൽ നിന്നും മീഡിയ വണ്ണിലെത്തിയ പ്രമോദ് രാമന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. രക്തസാക്ഷികളുടെ കുടുംബങ്ങളോടും ജീവിക്കുന്ന രക്തസാക്ഷികളോടും സിപിഎം കാട്ടുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമായി സലിംകുമാർ എന്ന പാർട്ടി പ്രവർത്തകന്റെ ജീവിതാനുഭവങ്ങളാണ് പ്രമോദ് രാമൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വെക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ഇന്ന് റിപ്പോർട്ട് ചെയ്ത സലിംകുമാർ വാർത്ത fb സുഹൃത്തുക്കൾക്ക് വേണ്ടിക്കൂടി ഇവിടെ പങ്കുവയ്ക്കുന്നു.
1989. പള്ളുരുത്തി ഏരിയയ്ക്ക് കീഴിൽ dyfi മേഖലാ സെക്രട്ടറിയും കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ citu അംഗവും ആയിരുന്നു സഖാവ് സലിം കുമാർ. 23 വയസ്. പള്ളുരുത്തി സഹകരണ ബാങ്കിന്റെ ഭരണസമിതി തിരഞ്ഞെടുപ്പിൽ ചെറിയ തർക്കം നടന്നു. പോളിംഗ് കഴിഞ്ഞു ഒരു കോണ്ഗ്രസുകാരന് രണ്ടെണ്ണം പൊട്ടിക്കാൻ പാർട്ടി നൽകിയ നിർദേശം സലീമും സഖാക്കളും അനുസരിച്ചു. കേസിൽ സലിം അറസ്റ്റിലായി. പോലീസ് ലോക്കപ്പിൽ ഇട്ട് കുഴച്ചെടുത്തു. പോലീസുകാരന്റെ മുട്ടുകൊണ്ട് നടുവിന്റെ തൊലി ഉരിഞ്ഞുപോയെന്നു സലിം പറയുന്നു. അന്ന് പാർട്ടി ഇടപെട്ട് നല്ല ചികിത്സ ഉറപ്പാക്കി. ചെറിയ നടുവേദന മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇ.കെ.നായനാർ സർക്കാർ ഭരിക്കുന്ന കാലം. പോലീസിനെതിരെ പരാതി പോയി. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പോലീസുകാരുടെ ജോലി പോകുമെന്ന ഘട്ടം വന്നപ്പോൾ കമ്മീഷ്ണർ പാർട്ടി വഴി മധ്യസ്ഥ ചർച്ച നടത്തി കേസ് പിൻവലിപ്പിച്ചു. തുടർന്ന് വിവാഹവും സ്വത്ത് ഭാഗംവയ്ക്കലും കഴിഞ്ഞ് പള്ളുരുത്തി ഏരിയയിൽ നിന്ന് അരൂർ ഏരിയയിലേക്ക് താമസം മാറിയത് 2000ത്തിൽ. PWDയിൽ സി ഗ്രേഡ് കോണ്ട്രാക്ടുകൾ കിട്ടിയതുകൊണ്ട് ഉപജീവനം കഴിഞ്ഞു. പാർട്ടി അനുഭാവിയായി തുടരുകയും ചെയ്തു.
2017. സലീമിന് നടുവേദന കലശലായി. പല ചികിത്സയും നോക്കി. വിശദ പരിശോധനയിൽ thoracic myelopathy ആണെന്ന് തിരിച്ചറിഞ്ഞു.
Spinal surgery വേണമെന്ന് നിർദേശം വന്നു. സാമ്പത്തിക നില മോശമായിരുന്നു. മരുന്ന് തുടർന്നു. പക്ഷെ സ്ഥിതി വഷളായി. 2018 മുതൽ അരയ്ക്കു കീഴ്പോട്ടു തളർന്നു കിടപ്പാണ്.
പാർട്ടിയിൽ നിന്ന് ഒരു സഹായവും ഇപ്പോഴില്ല. ലോക്കൽ കമ്മിറ്റി ഒരിക്കൽ വിശദമായി ചർച്ചചെയ്ത് എടുത്ത തീരുമാനം ഇപ്പോൾ പാർട്ടിയിൽ സജീവമല്ല എന്നതുകൊണ്ട് ഒന്നും ചെയ്യേണ്ടതില്ല എന്നാണ്.
ഓരോ മാസവും കോട്ടയം മെഡിക്കൽ കോളേജിൽ രണ്ടാഴ്ച്ച അഡ്മിറ്റ് ആയി പ്ലാസ്മ തെറപ്പി ചെയ്തുകൊണ്ടിരുന്നതാണ് ഏറ്റവും ഒടുവിൽ നടന്നുകൊണ്ടിരുന്ന ചികിത്സ. പണമില്ലാത്തത് കൊണ്ട് കഴിഞ്ഞ മെയ് മുതൽ അത് മുടങ്ങി. ഭാര്യ തൊഴിലുറപ്പിന് പോയി കിട്ടുന്ന തുച്ഛമായ തുകയാണ് ഇപ്പോഴത്തെ ഏക വരുമാനം.
സിപിഎം എന്ന പാർട്ടി രക്തസാക്ഷികളുടെ കുടുംബത്തോടും ജീവിക്കുന്ന രക്തസാക്ഷികളോടും എന്നും കാണിച്ചിട്ടുള്ള കരുതൽ സലിം കുമാറിന് എന്തുകൊണ്ട് നിഷേധിക്കപ്പെടുന്നു? ആലപ്പുഴ ജില്ലയിലെ, അരൂർ ഏരിയയിലെ, എരമല്ലൂർ ലോക്കലിലെ നേതൃത്വമാണ് മറുപടി പറയേണ്ടത്.
https://www.facebook.com/pramod.raman.161/posts/6707582039312437
Discussion about this post