കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ മാധ്യമ വിചാരണ നടത്തുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും, പൊലീസിനുമെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഉത്തരവ് നിലനില്‍ക്കെ ദിലീപിനെതിരെ നടക്കുന്ന മാധ്യമ വിചാരണകളും, രഹസ്യ വിചാരണ നടത്തുന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉള്‍പ്പെടെ നടത്തുന്ന സമാന്തര മാധ്യമ വിചാരണയും തടയണമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ ശ്രീജിത് പെരുമന നല്കിയ ഹര്‍ജിയിലാണ് കേസെടുത്തത്.
അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തല്‍ പുറത്തു വിട്ടത് റിപ്പോര്‍ട്ടര്‍ ടിവി ആയിരുന്നു. സംവിധായകന് ബാലചന്ദ്രകുമാര്‍ ആണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ദിലീപിനെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പൂര്‍ത്തിയാകാനിരിക്കെ റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട വെളിപ്പെടുത്തലുകള്‍ പ്രകാരം അന്വേഷണം നടന്നുവരികയാണ്. കൂറുമാറിയ സാക്ഷികളുടെ സ്വത്തു വിവരം അന്വേഷിക്കലടക്കം മുന്നോട്ടുപോകുന്നതിനിടെയാണ് ചാനലിനെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തത്. കഴിഞ്ഞ ദിവസം ദിലീപിന്റെ ആലുവയിലെ വീട്, സഹോദരന് അനൂപിന്റെ പറവൂര്‍ കവലയിലെ വീട്, നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്നിവിടങ്ങളില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
Discussion about this post