കൊല്ലം: നെഞ്ച് വേദനക്ക് ചികിത്സ തേടിയ യുവതിക്ക് സർക്കാർ ആശുപത്രിയിൽ ഡോക്ടർ മരുന്ന് മാറി നൽകിയതായി ആരോപണം. കൊട്ടാരക്കര ഉമ്മന്നൂർ മത്തായിമുക്ക് സ്വദേശി ജസി മോളാണ് ഡോക്ടറുടെ അശ്രദ്ധമൂലം ജീവന് വേണ്ടി കേഴുന്നത്.
ജസ്സി മത്തായിമുക്ക് കശുവണ്ടി ഫാക്ടറി തൊഴിലാളി ആയിരുന്നു. ദിവസങ്ങൾക്കു മുൻപ് ജസിക്കു നെഞ്ചിൽ വേദന അനുഭവപ്പെട്ടു. തുടർന്നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഇവരെ പരിശോധിച്ച് ഡോക്ടർ മരുന്ന് നൽകി.
മരുന്ന് കഴിച്ച ജസ്സിയുടെ വായും ശരീരം മുഴുവൻ പൊട്ടുന്ന അവസ്ഥയിലേക്ക് എത്തി. ജോലിക്ക് പോയിരുന്ന അവർ എഴുന്നേറ്റ് നടക്കാൻ കഴിയാത്ത രീതിയിൽ കിടപ്പിലായി.
തുടർന്ന് ബന്ധുക്കൾ വീണ്ടും ജസ്സിയെ ആശുപത്രിയിൽ എത്തിച്ചു. അതേ ഡോക്ടർ തന്നെ ജെസിക്ക് ഒരു ഇൻജെക്ഷനും എടുത്തു. അതോടെ ജസ്സി ഗുരുതരാവസ്ഥയിൽ ആയി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്നും വിരമിച്ചിട്ടും പ്രത്യേക പരിഗണനയിൽ ആശുപത്രിയിൽ തുടരുന്ന ഡോക്ടർ സന്തോഷിനെതിരെയാണ് ഈ ആരോപണം നിലനിൽക്കുന്നത്. ഡോക്ടർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകണം എന്നും ജസ്സിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ കേരളത്തിന്റെ ആരോഗ്യ മേഖല ഒന്നടങ്കം പ്രവർത്തിക്കണം എന്നുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം.
അതേസമയം സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. ജെസ്സിക്ക് ആവശ്യമായ എല്ലാ നിയമസഹായവും നൽകുമെന്ന് ബിജെപി അറിയിച്ചു. ഡോക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജെസ്സിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകണമെന്നും ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നും തുടരുന്ന നിസ്സംഗതക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി.
Discussion about this post