വാഷിംഗ്ടൺ: മോദി സർക്കാരിന്റെ ഫലപ്രദമല്ലാത്ത നയങ്ങൾ കാരണമാണ് ചൈനയും പാകിസ്ഥാനും തമ്മിൽ എക്കാലത്തെയും മികച്ച ബന്ധം പുലർത്തുന്നത് എന്ന വയനാട് എം പി രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ പ്രസ്താവന തള്ളിക്കളഞ്ഞ് അമേരിക്ക. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
‘ചൈനയുടെയും പാകിസ്ഥാന്റെയും ബന്ധത്തെക്കുറിച്ച് പറയേണ്ടത് അവരാണ്. ഇത്തരം തെളിവില്ലാത്ത ആരോപണങ്ങളിൽ അഭിപ്രായം പറയാനില്ല‘. ഇതായിരുന്നു അമേരിക്കൻ വക്താവ് നെഡ് പ്രൈസിന്റെ വാക്കുകൾ.
രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ ശക്തമായ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ രംഗത്തെത്തി. ചൈനയും പാകിസ്ഥാനുമായി ബന്ധപ്പെട്ട നിരവധി ചരിത്ര സംഭവങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ കോൺഗ്രസ് ഭരണം നിലനിന്ന 1963ലാണ് പാകിസ്ഥാൻ അവരുടെ ഷാക്സ്ഗാം താഴ്വര ചൈനക്ക് കൈമാറിയത്. കോൺഗ്രസ് ഭരിച്ച എഴുപതുകളിലായിരുന്നു പാക് അധീന കശ്മീരിൽ പാകിസ്ഥാൻ കാറക്കോറം ഹൈവേ പണിതത്. ഇതേ കാലയളവിലാണ് പാകിസ്ഥാനും ചൈനയും ആണവ സഖ്യത്തിൽ ഏർപ്പെട്ടത്. ഇന്ത്യയിൽ കോൺഗ്രസ് ഭരണം നിലനിന്ന 2013ലായിരുന്നു പാകിസ്ഥാൻ- ചൈന സാമ്പത്തിക ഇടനാഴിയുടെ നിർമാണം ആരംഭിച്ചതെന്നും ജയ്ശങ്കർ ചൂണ്ടിക്കാട്ടി.
Discussion about this post