കൊച്ചി: ട്രെയിനിൽ യാത്ര ചെയ്യവെ ടിക്കറ്റ് ചോദിച്ച ടി ടി ഇക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. എറണാകുളത്തു നിന്നു ഹൗറയിലേക്കു പുറപ്പെട്ട അന്ത്യോദയ എക്സ്പ്രസിൽ ഇന്നലെ വൈകിട്ടാണ് സംഭവം. മർദനത്തിൽ പരുക്കേറ്റ ടിടിഇ പെരുമ്പാവൂർ സ്വദേശി അൻസിനെ (33) എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അൻസിന്റെ മൊബൈൽ ഫോൺ അക്രമികൾ വലിച്ചെറിഞ്ഞു. സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. അനിഖുൾ ഷെയ്ഖ്, ഷൗക്കത്ത് അലി എന്നിവരാണ് പിടിയിലായത്.
ആലുവയിൽ നിന്നു ഹൗറയിലേക്കു യാത്ര ചെയ്യാൻ ട്രെയിനിൽ കയറിയ ബംഗാൾ സ്വദേശികളായ നാലു പേരോട് ടിക്കറ്റ് ചോദിച്ചെങ്കിലും എടുത്തില്ലെന്നു പറഞ്ഞു. ഇവർക്കു പിഴ അടയ്ക്കാനുള്ള രേഖ എഴുതി നൽകിയപ്പോഴേയ്ക്കും ഒപ്പമുണ്ടായിരുന്ന ഒരാൾ ആടുത്ത കംപാർട്ടുമെന്റ്റിലേക്ക് പോയി. അവിടെയെത്തി പരിശോധന നടത്തുമ്പോൾ വീണ്ടും ടിക്കറ്റില്ലാതെ കണ്ടതു ചോദ്യം ചെയ്തതോടെ പ്രകോപിതരായ അക്രമികൾ മർദ്ദനം നടത്തുകയായിരുന്നു.
തൃശൂരിൽ വച്ചായിരുന്നു മർദനം. പിടിയിലായ പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് ആർപിഎഫ് അറിയിച്ചു.
Discussion about this post