കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദളിത് യുവാവ് ദീപു മരണത്തിന് മുൻപ് മൃഗീയമായ മർദ്ദനത്തിന് ഇരയായിരുന്നതായി സാക്ഷികളായ ട്വെന്റി ട്വെന്റി പ്രവർത്തകർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പട്ടിയെപ്പോലെയാണ് ദീപുവിനെ സിപിഎം പ്രവർത്തകർ തല്ലിച്ചതച്ചതെന്നും, തങ്ങളവിടെ എത്തുമ്പോൾ ദീപുവിനെ കഴുത്തിന് കുത്തിപ്പിടിച്ച് ഇടിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
”പട്ടിയെപ്പോലെ തല്ലിക്കൊന്നിട്ട് ലിവർ സിറോസിസെന്നോ, എന്‍റെ കൊച്ചിനെ കൊന്നവരെ വെറുതെ വിടൂല. ഞങ്ങളാ അടിച്ചത്, ഞങ്ങള് സിപിഎംകാരാ, അതില് നിനക്കെന്താ വേണ്ടേടീ, എന്നാ അവരെന്നോട് ചോദിച്ചത്. എന്‍റൊപ്പം പ്രവർത്തിച്ചിരുന്ന എന്‍റെ സഹോദരനാ പോയത്. കിഴക്കമ്പലത്ത് എംഎൽഎയെ കാല് കുത്തിക്കൂല്ല. ഓർത്തോ. പാവപ്പെട്ട ഒരാളുടെ പോലും മെക്കട്ട് പോലും കേറാൻ നിക്കാത്ത അവനെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്തി. അതുകൊണ്ടാ അവന് ചികിത്സ വൈകിയത്. രണ്ട് ദിവസം വൈകിയാ അവനെ ആശുപത്രിയിൽ കൊണ്ട് പോയത്. അതും ചോര ഛർദ്ദിച്ചിട്ട്. ഇവിടെ കൊണ്ടുവന്ന പിന്നാലെ ഡോക്ടറ് പറഞ്ഞു വെന്‍റിലേറ്ററിലേക്ക് മാറ്റണമെന്ന്. അവിടെ നിന്ന് പിന്നെ കുറച്ച് കഴിഞ്ഞപ്പോ പറഞ്ഞു വെന്‍റിലേറ്റർ മാറ്റിയാൽ ആള് ബാക്കി ഉണ്ടാവില്ലെന്ന്. ബ്രെയിൻ ഡെത്തായി എന്നാ പറഞ്ഞത്. അങ്ങനെ രണ്ട് ദിവസമാ ഇവരിവിടെ അവനെ കിടത്തിയത്. ഇതിനെല്ലാം പിന്നിൽ പി വി ശ്രീനിജൻ എംഎൽഎയാ”. ഇതായിരുന്നു വാർഡ് മെമ്പർ നിഷ ആലിയാരുടെ പ്രതികരണം.
തിങ്കളാഴ്ച രാവിലെയാണ് രക്തം ഛർദ്ദിച്ചതിനെത്തുടർന്ന് കിഴക്കമ്പലത്തിന് അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ദീപുവിനെ പ്രവേശിപ്പിച്ചത്. ആന്തരികരക്തസ്രാവമുണ്ടെന്നും കൂടുതൽ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടർന്ന് ദീപുവിനെ രാജഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാൽ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദീപുവിനെ പിന്നീട് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ദീപുവിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കിഴക്കമ്പലം സ്വദേശികളും സിപിഎം പ്രവർത്തകരുമായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരാണ് അറസ്റ്റിലായത്.
Discussion about this post