കൊച്ചി: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ദളിത് യുവാവിന്റെ മരണം വിവാഹം നടക്കാനിരിക്കെയെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. ഇതിന് പിന്നിൽ ശ്രീനിജൻ എം എൽ എ ആണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രാണിയെപ്പോലും ഉപദ്രവിക്കാത്ത വ്യക്തിയായിരുന്നു ദീപുവെന്നും അദ്ദേഹം പറഞ്ഞു.
പാവം ആയതുകൊണ്ടാണ് അവർ ഇല്ലാതാക്കിയത്. ഒളിഞ്ഞിരുന്നാണ് ദീപുവിനെ ആക്രമിച്ചതെന്ന് അച്ഛനും പറയുന്നുണ്ട്. ഇതിനു മുൻപ് എംഎൽഎ ഇതേ സ്ഥലത്തു വന്നു യോഗം കൂടിയിരുന്നു. സംഭവ സമയത്ത് എംഎൽഎ അടുത്ത വീട്ടിലുണ്ടായിരുന്നു എന്നും അറിയുന്നു. ആരെയെങ്കിലും ഒരാളെ വകവരുത്തണം, എന്നാലേ ഒതുങ്ങൂ എന്ന പ്ലാനിങ് നടന്നിട്ടുണ്ട്. അതിന്റെ ബാക്കിയായാണ് ഇതു സംഭവിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.
കിഴക്കമ്പലം വളരെ ശാന്തമായിരുന്നു. ശ്രീനിജിൻ തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അക്രമങ്ങൾ ആരംഭിച്ചത്. എല്ലാ സ്ഥലത്തും ഗുണ്ടകളെ അഴിച്ചുവിട്ടിരിക്കുകയാണ്. എവിടെയും പോയി എന്തും ചെയ്തോ, നോക്കിക്കൊള്ളാം എന്ന തുറന്ന ലൈസൻസ് കൊടുത്തിരിക്കുകയാണെന്നും സാബു ജേക്കബ് ആരോപിച്ചു.
Discussion about this post