ഡൽഹി: പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അകാലിദൾ പ്രവർത്തകനെ കോൺഗ്രസ്സുകാർ കുത്തിക്കൊന്നു. മുപ്പത്തിനാല് വയസുകാരൻ കരംജിത്ത് സിങ്ങാണ് മരിച്ചത്. പരസ്യപ്രചാരണത്തിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടാതെ, തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച പഞ്ചാബ് മുഖ്യമന്ത്രി ഛരൺജിത്ത് ചന്നിക്കും കോൺഗ്രസ് സ്ഥാനാർത്ഥിയും ഗായകനുമായ സിദ്ദു മൂസെവാലയ്ക്കുമെതിരെ പൊലീസ് കേസ് എടുത്തു. മാനസ മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിച്ചതിന് ശേഷവും പൊതുയോഗം സംഘടിപ്പിച്ചതിനാണ് കേസ്.
പഞ്ചാബില്‍ 117 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെയാണ്. അരവിന്ദ് കെജ്രിവാളിനെതിരായ ഖാലിസ്ഥാൻ ആരോപണം പ്രചാരണത്തിന്‍റെ അവസാന ദിവസം ബിജെപി ശക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭയ്യമാരെ പഞ്ചാബില്‍ പ്രവേശിപ്പിക്കരുതെന്ന മുഖ്യമന്ത്രി ചന്നിയുടെ പ്രസ്താവനയും ബിജെപി ഏറ്റെടുത്തിരുന്നു. യുപിയിലെയും ബിഹാറിലെയും ജനങ്ങളെ മുഖ്യമന്ത്രി അപമാനിച്ചെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ചന്നിയുടെ പ്രസംഗം.
Discussion about this post