കൊച്ചി: കിഴക്കമ്പലത്ത് ദളിത് യുവാവ് ദീപുവിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകർ തന്നെയെന്ന് പൊലീസ്. ട്വന്റി-20 യില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് എഫ് ഐ ആറിൽ പറയുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ ആക്രമണം നടത്തിയതെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.
ഒന്നാം പ്രതിയായ സൈനുദ്ദീന്‍ ദീപുവിന്റെ കഴുത്തിന് പിടിച്ചെന്നും താഴെ വീണ ദീപുവിന്റെ തലയില്‍ ഇയാള്‍ പലതവണ ചവിട്ടിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഈ സമയം മറ്റുപ്രതികള്‍ ദീപുവിന്റെ ശരീരത്തില്‍ മര്‍ദിക്കുകയായിരുന്നു. ട്വന്റി-20 യുടെ പഞ്ചായത്ത് അംഗവും പരാതിക്കാരിയുമായ നിഷ അലിയാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയിരിക്കുന്നത്. പരാതിക്കാരിയെ പ്രതികൾ അസഭ്യം പറഞ്ഞതായും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് വിളക്കണയ്ക്കല്‍ സമരത്തിനിടെ സിപിഎം പ്രവര്‍ത്തകർ ദീപുവിനെ മർദ്ദിച്ചത്. വീട്ടിൽ നിന്നും വിളിച്ചിറക്കിയായിരുന്നു മർദ്ദനം. കേസില്‍ സിപിഎം പ്രവര്‍ത്തകരായ പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം, നെടുങ്ങാടന്‍ ബഷീര്‍, വലിയപറമ്പില്‍ അസീസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്‌മാന്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണെന്നായിരുന്നു ട്വന്റി 20 പ്രവർത്തകരുടെ ആരോപണം. ആക്രമണത്തിന് മുമ്പും ശേഷവും പ്രതികള്‍ പി.വി.ശ്രീനിജന്‍ എം.എല്‍.എ.യുമായി ബന്ധപ്പെട്ടിരുന്നതായും കൊലക്കേസിലെ ഒന്നാം പ്രതി എം.എല്‍.എ.യാണെന്നും സംഘടന ആരോപിച്ചിരുന്നു.
എന്നാൽ ദീപുവിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നായിരുന്നു പാര്‍ട്ടിയുടെ വിശദീകരണം. ദീപു ലിവർ സിറോസിസ് വന്നാണ് മരിച്ചതെന്ന ശ്രീനിജൻ എം എൽ എയുടെ വാദം വലിയ വിവാദമായിരുന്നു. നിലവിൽ സിപിഎമ്മിന്റെ നിലപാടിന് വിരുദ്ധമായ കണ്ടെത്തലാണ് പൊലീസ് നടത്തിയിരിക്കുന്നത്.
Discussion about this post