സംസ്ഥാന നിയമസഭ ഭരണഘടനാ വിരുദ്ധമായ നിയമമോ നയമോ രൂപീകരിച്ചാൽ അതിന് അംഗീകാരം നൽകാൻ ഗവർണർ ബാധ്യസ്ഥനല്ലെന്ന് മുൻ പി എസ് സി ചെയർമാൻ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. സംസ്ഥാന ഭരണത്തലവൻ ഗവർണറാണ്. സർക്കാരിന് തെറ്റ് പറ്റിയാൽ അത് ചൂണ്ടിക്കാണിക്കാനും തിരുത്തലിന് പ്രേരിപ്പിക്കാനുമുള്ള അധികാരം ഗവർണർക്കുണ്ട്. അധികാരവും സ്വാതന്ത്ര്യവും ഉള്ളവർ ആത്മനിയന്ത്രണത്തോടെ ഭരണഘടനാനുസൃതമായി അത് വിനിയോഗിക്കുമ്പോഴാണ് മാതൃകാപരമാകുന്നതും നിയമവിധേയമാകുന്നതുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: ഭരണഘടന, ഗവർണർ, നിയമസഭ: കുർബാന നടത്താൻ കപ്യാര് മാർപാപ്പയ്ക്ക് ഉപദേശം നൽകണോ?
സംസ്ഥാന നിയമസഭ ഭരണഘടനാ വിരുദ്ധമായ നിയമമോ നയമോ രൂപീകരിച്ചാൽ അതിന് അംഗീകാരം നൽകാൻ ഗവർണർ ബാധ്യസ്ഥനാണോ? അല്ല എന്നാണ് സാമാന്യയുക്തിക്ക് നിരക്കുന്ന ഉത്തരം.
കാരണം (1) നിയമസഭ ഭരണഘടനയുടെ സൃഷ്ടിയാണ്. ഭരണഘടനാനുസരണം പ്രവർത്തിക്കും എന്നു പ്രതിജ്ഞ ചൊല്ലികൊണ്ടാണ് നിയമസഭാംഗങ്ങൾ അധികാരമേൽക്കുന്നത്. നിയമസഭയുടെ സൃഷ്ടാവായ ഭരണഘടനയ്ക്ക് എതിരെ നീങ്ങാൻ സൃഷ്ടിക്ക് അധികാരമില്ല. കാരണം, അവ്വിധമുള്ള നീക്കം ആത്മഹത്യാപരമായിരിക്കും.
(2) സംസ്ഥാന ഭരണം, ഭരണഘടനാനുസരണമായി നിർമ്മിച്ച നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായിട്ടാണ് നടക്കുന്നത് എന്നു ഉറപ്പാക്കുക എന്നതാണ് ഗവർണറുടെ ഭരണഘടനാനുസൃതമായ ഉത്തരവാദിത്വം. അതുകൊണ്ടാണ് സംസ്ഥാന ഭരണത്തലവൻ എന്ന പദവി ഭരണഘടന ഗവർണർക്ക് നൽകിയിരിക്കുന്നത്.
സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങളും സ്വീകരിക്കുന്ന നയപരിപാടികളും ഭരണഘടനാനുസൃതമാണോ എന്നു പരിശോധിച്ച് ഉറപ്പുവരുത്താൻ ഗവർണർ ബാധ്യസ്ഥനുമാണ്. അവ്വിധം പരിശോധന നടത്താതെ ബില്ലുകളിൽ ഒപ്പുവെക്കുന്ന ഗവർണർ തന്നിൽ നിക്ഷിപ്തമായ കടമ നിർവഹിക്കാതെ ഭരണഘടനാ ലംഘനം തന്നെയാണ് നടത്തുന്നത്.
നിയമസഭ പാസാക്കുന്ന നിയമമോ സ്വീകരിക്കുന്ന നയമോ ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണർക്ക് സംശയം ജനിച്ചാൽ അത് പരിഹരിക്കാനും നടപടിക്രമങ്ങൾ കീഴ്‌വഴക്കങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഗവർണർക്ക് സ്വഇച്ഛാനുസരണം ഒരു നിയമ പണ്ഡിതന്റെ ഉപദേശം അക്കാര്യത്തിൽ തേടാവുന്നതാണ്. അതോടൊപ്പം അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശവും തേടാം. ഈ രണ്ടു ഉപദേശങ്ങൾ വിരുദ്ധങ്ങളായൽ രണ്ടുപേരെയും വിളിച്ചുവരുത്തി സംശയ നിവൃത്തി വരുത്താം.
എന്നിട്ടും അതിൽ വ്യക്തതയും കൃത്യതയും ലഭ്യമായില്ലെങ്കിൽ ഗവർണർക്ക് അറ്റോർണി ജനറലിന്റെ അഭിപ്രായം തേടാവുന്നതാണ്. അറ്റോർണി ജനറൽ തന്റെ അഭിപ്രായത്തോടെ ഫയൽ രാഷ്ട്രപതിക്ക് സമർപ്പിക്കും. രാഷ്ട്രപതിക്ക് സ്വന്തം നിലയിൽ തീരുമാനം എടുക്കുകയോ, സുപ്രീംകോടതിക്ക് റഫർ ചെയ്യുകയോ ചെയ്യാം. സുപ്രീംകോടതിയുടേയോ രാഷ്ട്രപതിയുടേയോ ഉത്തരവ് അന്തിമമായ തീരുമാനമായിരിക്കും. നിയമസഭ പാസാക്കിയ നിയമമോ സ്വീകരിച്ച നയമോ ഭരണഘടനാവിരുദ്ധമാണെന്ന് ഈ നടപടിക്രമങ്ങളിലൂടെ ബോധ്യപ്പെട്ടാൽ ഗവർണർ ഒപ്പു വെയ്ക്കാതെ ഇക്കാര്യങ്ങൾ എല്ലാം രേഖപ്പെടുത്തി ഫയൽ സർക്കാരിന് മടക്കി നൽകും. തലയ്ക്കു വെളിവുള്ള അംഗങ്ങൾ ഉള്ള ഒരു നിയമസഭയും വീണ്ടും അതേ ബില്ല് പാസാക്കി ഗവർണർക്ക് സമർപ്പിക്കില്ല. വീണ്ടും സമർപ്പിക്കപ്പെട്ടാൽ അത് പ്രത്യക്ഷത്തിൽ തന്നെ ഭരണഘടനാ ലംഘനമായതുകൊണ്ട് ഗവർണർ ഒപ്പുവെക്കുകയും വേണ്ട.
ഗവർണർക്ക് ഭരണപരമായ ഉപദേശം നൽകാൻ നിയമപ്രകാരം മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ അവകാശമില്ല; മന്ത്രിസഭയ്ക്കാണ് അവകാശം. ആ ഉപദേശം മുഖ്യമന്ത്രി മന്ത്രിസഭയ്ക്ക് വേണ്ടി ഗവർണറെ അറിയിക്കുമെന്ന് മാത്രം. മാത്രമല്ല, ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ, ഗവർണർക്ക് താക്കീതും ഉപദേശവും നൽകി കത്തെഴുതുന്നത് കുർബാന നടത്താൻ കപ്യാര് മാർപാപ്പയ്ക്ക് ഉപദേശം നൽകുന്നത് പോലെയാണ്. അത്തരം ഒരു കത്തെഴുതുന്നതിലെ അനൗചിത്യവും ചട്ട ലംഘനവും തിരിച്ചറിയാൻ കഴിയാത്ത ഉദ്യോഗസ്ഥർ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നതും ശരിയായിരിക്കില്ല.
നിയമസഭ സ്വയം ഭരണാധികാരമുള്ള സ്വതന്ത്ര സ്ഥാപനമായിരിക്കുന്നതുപോലെ രാജ്ഭവനും സ്വയംഭരണാധികാരമുള്ള സ്വതന്ത്ര സ്ഥാപനമാണ്. അധികാരവും സ്വാതന്ത്ര്യവും ഉണ്ട് എന്നുകരുതി എന്തും ചെയ്യാൻ ഒരു സ്ഥാപനത്തിനും അധികാരമില്ല. അധികാരവും സ്വാതന്ത്ര്യവും ഉള്ളവർ ആത്മനിയന്ത്രണത്തോടെ ഭരണഘടനാനുസൃതമായി അത് വിനിയോഗിക്കുമ്പോഴാണ് മാതൃകാപരമാകുന്നതും നിയമവിധേയമാകുന്നതും.
(ഡോ. കെ. എസ്. രാധാകൃഷ്ണൻ )
https://www.facebook.com/drksradhakrishnan/posts/5008769599212611
Discussion about this post