കണ്ണൂർ: കണ്ണൂരിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. പുന്നോൽ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് മടങ്ങവേ വീടിനു സമീപത്ത് വച്ചായിരുന്നു ഹരിദാസിനെ വെട്ടിക്കൊന്നത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ സുരനും വെട്ടേറ്റു.
ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് കൊലപാതകം എന്നാണ് വിവരം. അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലീസിനെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണ് എന്ന് സിപിഎം ആരോപിക്കുന്നു. എന്നാൽ ആരോപണം ആർ എസ് എസ്- ബിജെപി നേതൃത്വങ്ങൾ നിഷേധിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭ,ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സി പി എം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും.
അതേസമയം കൊലപാതകം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബന്ധുക്കളുടെ മൊഴി എടുത്ത പൊലീസ് അക്രമികളുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.
Discussion about this post