കീവ്: ഉക്രെയ്നിൽ റഷ്യ ശക്തമായ ആക്രമണം തുടരുന്നതിനിടെ യുദ്ധം ചെയ്യാൻ പൗരന്മാരെ ക്ഷണിച്ച് ഉക്രെയ്ൻ പ്രതിരോധ മന്ത്രി. ആയുധമെടുക്കാൻ ആരോഗ്യവും പോരാടാൻ മനസ്സുമുള്ളവരെ ടെറിട്ടോറിയൽ ആർമിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഉക്രെയ്ൻ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവ് പറഞ്ഞു. ഉക്രെയ്നിലെ മിക്ക നഗരങ്ങളിലും റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഇത്.
റഷ്യ ആക്രമണം ശക്തമാക്കിയതോടെ ഉക്രെയ്നിലെ ജനങ്ങളെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറികൊണ്ടിരിക്കുകയാണെന്നാണ് വിവരം. പൊതുനിരത്തുകളിൽ വൻ തിരക്കാണ്. ഉക്രെയ്നിന്റെ തെക്കൻ മേഖലയിലൂടെയും വടക്കൻ മേഖലയിലൂടെയും റഷ്യ സമാന്തരമായി ആക്രമണം നടത്തുകയാണ്. കരമാർഗ്ഗവും വ്യോമമാർഗ്ഗവുമാണ് റഷ്യയുടെ ആക്രമണം.
യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ ആറ് റഷ്യൻ വിമാനങ്ങളും ഹെലികോപ്ടറുകളും തകർക്കുകയും അമ്പത് റഷ്യൻ സൈനികരെ വധിക്കുകയും ചെയ്തതായി ഉക്രെയ്ൻ വ്യക്തമാക്കി. ഉക്രെയ്ന്റെ കിഴക്ക് ഭാഗത്തുള്ള വിമത പ്രദേശത്ത് നടത്തിയ പ്രത്യാക്രമണത്തിലാണ് വിമാനങ്ങളും ഹെലികോപ്ടറുകളും തകർത്തതെന്ന് ഉക്രെയ്ൻ സൈനിക മേധാവി വ്യക്തമാക്കി.
Discussion about this post