അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ റഷ്യ വിരുദ്ധ പ്രസ്താവനകൾ പോർക്കളത്തിൽ തുണയാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി തീർത്തും നിരാശനായി ഇങ്ങനെയാണ് പ്രതികരിച്ചത്: ‘യുദ്ധം ആരംഭിച്ചപ്പോൾ രാജ്യം തീർത്തും ഒറ്റപ്പെട്ടു. ഇപ്പോൾ ആരും ഒപ്പമില്ല. ഞാനും കുടുംബവും ഏത് നേരവും കൊല്ലപ്പെട്ടേക്കാം‘.
റഷ്യൻ അധിനിവേശം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഇന്ത്യയിലെ ഉക്രെയ്ൻ സ്ഥാനപതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ലോകസമാധാനത്തിന് അതുല്യ സംഭാവനകൾ നൽകിയ രാജ്യമാണ് ഇന്ത്യ. പ്രതിസന്ധി പരിഹരിക്കാൻ റഷ്യയുമായി മാന്യമായ ബന്ധം പുലർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണം. നരേന്ദ്ര മോദി മുൻകൈ എടുക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ ഉക്രെയ്ൻ തയ്യാറാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും ഉക്രയ്ൻ അഭ്യർത്ഥിച്ചിരുന്നു.
ഉക്രെയ്ന്റെ അഭ്യർത്ഥന സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിനുമായി സംസാരിച്ചു. വെടിനിര്‍ത്തല്‍ അടിയന്തരമായി ഉണ്ടാകണമെന്നും ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടു. ഉക്രെയ്നുമായി ബന്ധപ്പെട്ട സൈനിക നടപടിയെ കുറിച്ച് പുടിന്‍ പ്രധാനമന്ത്രി മോദിയോട് വിശദീകരിച്ചു. റഷ്യയും നാറ്റോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയുമുള്ള സംഭാഷണങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്ന് മോദി പുടിനെ ധരിപ്പിച്ചു.
മറ്റ് ലോകരാജ്യങ്ങൾ പ്രതികരണങ്ങൾ പ്രസ്താവനകളിൽ മാത്രം ഒതുക്കുമ്പോൾ ഉക്രെയ്ന് വേണ്ടി മാത്രമല്ല, ലോകസമാധാനത്തിന് ആകമാനം വേണ്ടി കളത്തിലിറങ്ങി പ്രായോഗികമായ നീക്കം നടത്തുന്നത് നിലവിൽ ഇന്ത്യ മാത്രമാണ്. എന്നാൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഇന്ത്യക്കൊപ്പം റഷ്യ നിലയുറപ്പിച്ചപ്പോൾ എതിർ ചേരിയിലായിരുന്നു ഉക്രെയ്ൻ. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ ശ്രദ്ധയോടെയാണ് ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങൾ.
1998ൽ അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ ശക്തി’ എന്ന പേരിൽ ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോൾ ഇന്ത്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള നിലപാടുകൾ സ്വീകരിക്കാൻ മുൻ പന്തിയിൽ നിന്ന രാജ്യമായിരുന്നു ഉക്രെയ്ൻ. ഇന്ത്യക്കെതിരെ അന്ന ഐക്യരാഷ്ട്ര സഭയിൽ പ്രമേയം കൊണ്ടു വരികയും 25 രാജ്യങ്ങൾക്കൊപ്പം അതിനെ അനുകൂലിച്ച് വോട്ട് ചെയ്യുകയും ചെയ്ത രാജ്യം.
ഇന്ത്യയ്‌ക്കെതിരെ പ്രമേയവുമായി വന്ന യുക്രെയിൻ പാകിസ്ഥാനുമായി മികച്ച ബന്ധവും നിലനിർത്തിയിരുന്നു. ഇന്ത്യ റഷ്യയിൽ നിന്നും ആയുധങ്ങൾ വാങ്ങുമ്പോൾ പാകിസ്ഥാന് ആയുധങ്ങൾ നൽകിയിരുന്നത് ഉക്രെയ്നായിരുന്നു. ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് ഇതുവരെ യുക്രെയിൻ പാകിസ്ഥാന് ഏകദേശം 1.6 ബില്ല്യൺ ഡോളറിന്റെ ആയുധങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം റഷ്യ ഉക്രെയ്നെ ആക്രമിച്ചപ്പോൾ റഷ്യക്ക് പിന്തുണയുമായി മോസ്കോയിൽ എത്തുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ചെയ്തത്. ആവേശകരമായ സാഹചര്യം എന്നായിരുന്നു യുദ്ധത്തെക്കുറിച്ച് ഇമ്രാന്റെ പ്രതികരണം. ഇതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി പ്രതികരിച്ചിരുന്നു.
മറുവശത്ത് ഉക്രെയ്ൻ അന്ന് കൊണ്ടു വന്ന ഉപരോധത്തെ അവസരമാക്കി മാറ്റിയ ഇന്ത്യ സ്വയം പര്യാപ്തത നേടി. യൂറോപ്യൻ രാജ്യങ്ങളിലേക്കടക്കം ഇന്ന് ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ കയറ്റി അയക്കുന്നു. എന്നാൽ ഈ സാഹചര്യത്തിലും ലോകസമാധാനം മുൻനിർത്തി റഷ്യയോട് സംസാരിക്കാൻ കൂട്ടാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രശംസിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ യുക്രെയിനിലെ ഇന്ത്യക്കാരെ രക്ഷിക്കുക എന്നതിനാണ് പ്രഥമ പരിഗണന എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി കഴിഞ്ഞു. യുദ്ധക്കളത്തിൽ നിന്നും രക്ഷാപ്രവർത്തനം നടത്തി പരിചയമുള അനുഭവ സമ്പത്താണ് ഇക്കാര്യത്തിൽ ഇന്ത്യക്ക് മുതൽക്കൂട്ട്.
നിലവിൽ ഇന്ത്യയോട് മരുന്നുകൾ ആവശ്യപ്പെട്ട് ഉക്രെയ്ൻ എം പി വീഡിയോ പങ്കു വെച്ചിട്ടുണ്ട്. ഇക്കാര്യം ഇന്ത്യ അനുഭാവപൂർവം പരിഗണിക്കും എന്നാണ് വിവരം.
Discussion about this post