കൊച്ചി: മഹാശിവരാത്രിയെ വരവേൽക്കാൻ ഒരുങ്ങി ആലുവ മണപ്പുറം. മണപ്പുറത്ത് 148 ബലിത്തറകളാണ് തർപ്പണത്തിനായി ക്രമീകരിച്ചിരിക്കുന്നത്. നാളെ അര്‍ധരാത്രി വരെ ശിവരാത്രി ബലിയും അത് കഴിഞ്ഞ് വാവുബലിയും നടക്കും.
ശിവരാത്രി പ്രമാണിച്ച് ആലുവയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോട്ടോക്കോളും പാലിച്ചാണ് ശിവരാത്രി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും രാത്രി ബലിയിടുന്നതിനും പുഴയിൽ ഇറങ്ങുന്നതിനും തടസ്സമില്ല.
ഇക്കുറി ബലിതർപ്പണത്തിന് കൂടുതൽ ഭക്തജനങ്ങൾ എത്തുമെന്നാണ് പ്രതീക്ഷ. ഒരേസമയത്ത് പരമാവധി ആയിരത്തി അഞ്ഞൂറ് പേർക്ക് ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ സമ്പൂർണ്ണ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഉള്ള പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് പ്രവേശനം.
രോഗലക്ഷണങ്ങൾ ഇല്ലാത്ത പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കും കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങുകളിൽ പങ്കെടുക്കാം. പുഴയിലിറങ്ങുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഫയർഫോഴ്സ് മുങ്ങൽ വിദഗ്ധരുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. പുഴയിൽ നിരീക്ഷണത്തിന് പൊലീസിന്റെയും ഫയർഫോഴ്സിന്റെയും ബോട്ടുകളും ഉണ്ടാകും.
Discussion about this post