മൊഹാലി: അന്തരിച്ച ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിന് ആദരമർപ്പിച്ച് ക്രിക്കറ്റ് ലോകം. വോണിനോടും കഴിഞ്ഞ ദിവസം അന്തരിച്ച മറ്റൊരു ഓസ്ട്രേലിയൻ താരം റോഡ് മാർഷിനോടുമുള്ള ആദരസൂചകമായി ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം മത്സരം തുടങ്ങുന്നതിന് മുൻപ് ഇന്ത്യൻ കളിക്കാരും ശ്രീലങ്കൻ കളിക്കാരും ഒരു മിനിറ്റ് മൗനം ആചരിച്ചു.
52 വയസ്സുകാരനായ ഷെയ്ൻ വോൺ കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. തായ്ലൻഡിലെ ഹോട്ടൽ മുറിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം.
ഓസ്‌ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്‌ന്‍ വോണ്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 145 മത്സരങ്ങളില്‍ 2.65 ഇക്കോണമിയില്‍ 708 വിക്കറ്റും 194 ഏകദിനങ്ങളില്‍ 4.25 ഇക്കോണമിയില്‍ 293 വിക്കറ്റും വോണിന്‍റെ പേരിലുണ്ട്. ടെസ്റ്റില്‍ 3154 റണ്‍സും ഏകദിനത്തില്‍ 1018 റണ്‍സും നേടി.
അതേസമയം ഒന്നാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 468 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ സെഞ്ചുറി നേടി. 102 റൺസുമായി ജഡേജയും 2 റൺസുമായി ജയന്ത് യാദവുമാണ് ക്രീസിൽ. നേരത്തെ രവിചന്ദ്രൻ അശ്വിൻ 61 റൺസ് നേടി പുറത്തായി. 97 പന്തിൽ 96 റൺസ് നേടിയ ഋഷഭ് പന്തും 58 റൺസ് നേടിയ ഹനുമ വിഹാരിയും ഇന്ത്യക്ക് വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തു.
ശ്രീലങ്കക്ക് വേണ്ടി സുരംഗ ലക്മൽ ലസിത് എംബുൽദെനിയ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
Discussion about this post