തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം തടയുന്നതിൽ വീഴ്ച വരുത്തിയ കണ്ടക്ടർ ജാഫറിന് സസ്പെൻഷൻ. ജാഫറിനെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി സിഎംഡി ഉത്തറവിറക്കി. കണ്ടക്ടർക്ക് ഗുരുതര വീഴച്ച പറ്റിയതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതുൾപ്പെടെയുളള വകുപ്പുകൾ ചേർത്ത് ജാഫറിനെതിരെ നടക്കാവ് പൊലീസും കേസ്സെടുത്തിട്ടുണ്ട്. തിരുവനന്തപുരം – കോഴിക്കോട് സൂപ്പർ ഡീലക്സ് ബസ്സിൽ എറണാകുളത്തിനും തൃശ്ശൂരിനുമിടയിൽ വച്ച് അധ്യാപികക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമം കെഎസ്ആർടിസിയുടെ വിശ്വാസ്യതക്കേറ്റ മങ്ങലായാണ് കോർപ്പറേഷൻ വിലയിരുത്തിയത്. അതിക്രമത്തെ കുറിച്ച് പറഞ്ഞപ്പോൾ അധിക്ഷേപിച്ചായിരുന്നു കണ്ടക്ടറുടെ സംസാരമെന്നായിരുന്നു അധ്യാപിക പരാതിപ്പെട്ടത്. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും കെ എസ് ആർ ടി സി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്. ബഹളത്തിനിടെ ഇയാൾ ബസ്സിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് അധ്യാപിക പറയുന്നത്. ബസ്സിലെ യാത്രക്കാരുടെ പട്ടികയിൽ നിന്ന് ഇയാളെ കണ്ടെത്താനുളള ശ്രമം പൊലീസ് ആരംഭിച്ചു.
Discussion about this post