തിരുവനന്തപുരം: വർക്കലയിൽ ഇരുനില വീടിന് തീ പിടിച്ച് പിഞ്ച് കുഞ്ഞുൾപ്പെടെ 5 പേർ വെന്തു മരിച്ചു. വര്‍ക്കല അയന്തിയിലാണ് ദുരന്തം സംഭവിച്ചത്. വര്‍ക്കല പുത്തന്‍ചന്തയില്‍ പച്ചക്കറി നടത്തുന്ന പ്രതാപന്റെ കുടുംബമാണ് അഗ്നിബാധക്ക് ഇരയായത്.
ഗൃഹനാഥനായ പ്രതാപന്‍ (64), ഭാര്യ ഷെര്‍ലി (53), ഇവരുടെ ഇളയ മകന്‍ അഖില്‍ (25), മൂത്ത മകൻ നിഖിലിന്റെ ഭാര്യ അഭിരാമി (24), ഇവരുടെ മകൻ റയാൻ (എട്ടു മാസം) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിഖിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് വിവരം.
അതിരാവിലെ വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികളാണ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചത്. അഗ്നിരക്ഷാസേന എത്തുമ്പോഴേയ്ക്കും വീട്ടില്‍ തീ ആളിക്കത്തുകയായിരുന്നു. വീടിന്റെ മുഴുവന്‍ മുറികളിലേയ്ക്കും തീ പടര്‍ന്നിരുന്നു.
ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാന്‍ സാധിച്ചത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. തീ കണ്ട ഉടനെ അയൽക്കാരനായ യുവാവ് നിഖിലിനെ ഫോണ്‍ ചെയ്തു. നിഖില്‍ ഫോണ്‍ എടുക്കുകയും വീടിന് തീപിടിച്ചുവെന്ന് പറഞ്ഞ താഴേയ്ക്ക് ഇറങ്ങിവരികയും ചെയ്തിരുന്നുവെന്നും കുഞ്ഞിനെ എടുക്കട്ടെയെന്ന് പറഞ്ഞ് വീണ്ടും വീടിന്റെ അകത്തേക്ക് പോവുകയുമായിരുന്നുവെന്ന് അയൽക്കാരൻ പറഞ്ഞു.
തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












