ആലപ്പുഴ: വെണ്മണി ഇരട്ടക്കൊലക്കേസിൽ ബംഗ്ലാദേശ് സ്വദേശികളായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. വെൺമണിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷയാണ് മാവേലിക്കര ജില്ലാ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.
ബംഗ്ലാദേശ് സ്വദേശിയായ ലബിലു ഹുസൈവിനാണ് (39) വധശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതി ജൂവൽ ഹുസൈനെ (24) ന് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ജൂവലും ബംഗ്ലാദേശ് സ്വദേശിയാണ്.
2019 നവംബർ 11 നാണ് കേസിന് ആസ്പദമായ സംഭവം. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തലയ്ക്ക് അടിച്ചാണ് എ പി ചെറിയാൻ, ഭാര്യ ഏലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ 45 പവൻ സ്വർണ്ണവും പതിനേഴായിരം രൂപയും കവർന്നു. സംഭവശേഷം കടന്നു കളഞ്ഞ പ്രതികൾ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പിടിയിലായത്.
2021 നവംബർ 1ന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25നാണ് പൂർത്തിയായത്. കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസിൽ ഹാജരാക്കി. കേസിൽ വിശാഖപട്ടണം ആർ പി എഫ് പൊലീസിലെ 5 പേരും ആന്ധ്രാദേശ്, ബംഗാൾ, അസാം, പുതുച്ചേരി സംസ്ഥാനക്കാരും സാക്ഷികളായിരുന്നു. കൊലപാതകം, അതിക്രമിച്ചു കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
Discussion about this post