കൊല്ലം: കൊട്ടാരക്കര പട്ടാഴി ദേവീക്ഷേത്ര സന്നിധിയിൽ വെച്ച് മാല മോഷണം പോയ കശുവണ്ടി തൊഴിലാളിയ്‌ക്ക് വള ഊരി നൽകി അജ്ഞാത. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പള്ളിക്കൽ സ്വദേശിനി സുഭദ്ര(67)യുടെ രണ്ട് പവന്റെ മാലയാണ് മോഷണം പോയത്.
ക്ഷേത്ര സന്നിധിയിൽ തൊഴുതു നിൽക്കുന്നതിനിടെ മോഷ്ടാവ് കഴുത്തിൽകിടന്ന മാലയുമായി കടന്നു കളയുകയായിരുന്നു. തുടർന്ന് സുഭദ്ര കരയാൻ ആരംഭിച്ചു. സുഭദ്രയുടെ കരച്ചിൽ കണ്ട് ക്ഷേത്രസന്നിധിയിൽ ഉണ്ടായിരുന്ന സ്ത്രീ അടുത്തേക്ക് വന്ന ശേഷം കയ്യിലെ വളകൾ അഴിച്ച് സുഭദ്രക്ക് സമ്മാനിക്കുകയായിരുന്നു. അമ്മ കരയണ്ട, ഈ വള വിറ്റ് മാല വാങ്ങിച്ചോളു എന്ന് പറഞ്ഞ് അവർ വളകൾ നൽകിയ ശേഷം ആൾക്കൂട്ടത്തിലേക്ക് മടങ്ങുകയായിരുന്നുവെന്ന് സുഭദ്ര പറയുന്നു.
ആദ്യത്തെ അങ്കലാപ്പ് മാറി കുറച്ച് സമയത്തിന് ശേഷം തിരഞ്ഞപ്പോൾ അജ്ഞാതയെ കണ്ടില്ല. ഒറ്റകളർ സാരിയുടത്ത സ്ത്രീ കണ്ണട ധരിച്ചിരിന്നുവെന്ന് സുഭദ്ര പറയുന്നു. രണ്ട് പവനോളം തൂക്കം വരുന്ന വളയാണ് അജ്ഞാത സുഭദ്രയ്‌ക്ക് ഊരി നൽകിയത്. സുഭദ്ര അറിയിച്ചതിനെ തുടർന്ന് ക്ഷേത്ര അധികൃതർ അജ്ഞാതയ്‌ക്ക് ആയി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
Discussion about this post