ഡൽഹി: തീവ്രവാദ ഫണ്ടിംഗ് കേസിൽ സുപ്രധാന നിരീക്ഷണവുമായി എൻ ഐ എ കോടതി. കശ്മീരിൽ വിഘടനവാദം വളർത്താൻ തീവ്രവാദ ഫണ്ടിംഗ് കേസ് പ്രതികളും പാകിസ്ഥാനും പൊതു അജണ്ടയാണ് നടപ്പിലാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികൾക്കും പാകിസ്ഥാനും ഒരേ ലക്ഷ്യമാണ് ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ ധാരണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഘടനവാദ പ്രവർത്തനങ്ങൾക്ക് പാകിസ്ഥാനിൽ നിന്നും ഫണ്ട് എത്തിയതെന്നും എൻ ഐ എ കോടതി ജഡ്ജി പർവീൺ സിംഗ് പറഞ്ഞു.
മുൻ കശ്മീർ എം എൽ എ റഷീദ് എഞ്ചിനീയർ, വ്യവസായി സഹൂർ അഹമ്മദ് ഷാ, ബിട്ട, അഫ്താബ് അഹമ്മദ് ഷാ, അവതാർ അഹമ്മദ് ഷാ, നയീം ഖാൻ, ബഷീർ അഹമ്മദ് ഭട്ട് തുടങ്ങിയ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, യുഎപിഎ എന്നിവ ചുമത്തി കേസെടുക്കാനും കോടതി നിർദ്ദേശിച്ചു.
ഭീകരവാദികളും കശ്മീർ വിഘടനവാദികളും പൊതുവായ ലക്ഷ്യത്തിനായി ഒരുമിച്ചു നിന്ന് പ്രവർത്തിച്ചതായി സയീദ് അലി ഗീലാനിയുടെയും മുഹമ്മദ് യാസീൻ മാലിക്കിന്റെയും സംയുക്ത പ്രസതാവന വിലയിരുത്തിയ ശേഷം കോടതി അഭിപ്രായപ്പെട്ടു. കശ്മീരിൽ വലിയ തോതിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അത് അക്രമത്തിലേക്കും കലാപത്തിലേക്കും നയിക്കാനും വലിയ തോതിൽ ഗൂഢാലോചന നടന്നതായും കോടതി നിരീക്ഷിച്ചു.
ആസാദിയുടെ പേരിൽ കശ്മീരിൽ ഭീകരാക്രമണങ്ങളും രാജ്യവിരുദ്ധ റാലികളും സംഘടിപ്പിക്കുന്നതിന് വിദേശ ഫണ്ട് സ്വരൂപിക്കാൻ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് തലവൻ യാസീൻ മാലിക് വിശദമായ പദ്ധതി തയ്യാറാക്കിയിരുന്നതായി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻ ഐ എ വ്യക്തമാക്കി. പ്രതികളായ ഷബീർ ഷാ, യാസിൻ മാലിക്, റഷീദ് എഞ്ചിനീയർ, അൽത്താഫ് ഫന്തൂഷ് എന്നിവർ ഭീകരവാദ പ്രവർത്തനങ്ങൾക്കായി നേരിട്ട് ഫണ്ട് സ്വരൂപിച്ചതായി വ്യക്തമായെന്നും കോടതി അറിയിച്ചു.
ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് പാകിസ്ഥാനിൽ നിന്നും നേരിട്ട് ഇന്ത്യയിൽ എത്തിയെന്നും ഇതിനായി നയതന്ത്ര ഉദ്യോഗസ്ഥർ വരെ പ്രവർത്തിച്ചുവെന്നും കോടതി വ്യക്തമാക്കി. ഹഫീസ് സയീദിനെ പോലെയുള്ള അന്താരാഷ്ട്ര ഭീകരന്മാർ പിരിച്ച പണവും ഇന്ത്യയിലെത്തിയെന്നും കോടതി പറഞ്ഞു.
പ്രതികൾക്ക് പുറമെ ലഷ്കർ ഇ ത്വയിബ സ്ഥാപകൻ ഹാഫീസ് സയീദ്, ഹിസ്ബുൾ മുജാഹിദ്ദീൻ മേധാവി സയീദ് സലാഹുദ്ദീൻ, വിഘടനവാദി നേതാക്കളായ യാസിൻ മാലിക്, ഷബീർ ഷാ, മസ്രത് ആലം എന്നിവർക്കെതിരെയും യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിക്കാൻ എൻ ഐ എ കോടതി ഉത്തരവിട്ടു.
വിഘടനവാദ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ അടിത്തറ നൽകാനാണ് ഹുറീയത് കോൺഫറൻസ് സ്ഥാപിച്ചതെന്ന് എൻ ഐ എ കോടതിയിൽ വിശദീകരിച്ചു. നിരവധി വിദേശ ഉറവിടങ്ങളിൽ നിന്നും കശ്മീരിൽ വിഘടനവാദം വളർത്തി അശാന്തി പടർത്താൻ ജമാ അത്ത് ഉദ്ദവ തലവൻ ഹാഫീസ് സയീദും ഹുറീയത് കോൺഫറൻസ് നേതാക്കളും നിരോധിത ഭീകര സംഘടനകളായ ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്കർ ഇ ത്വയിബ എന്നിവയും ഒരുമിച്ച് പണം സ്വരൂപിച്ചുവെന്നും കോടതിയിൽ എൻ ഐ എ ചൂണ്ടിക്കാട്ടി.
കശ്മീരിൽ സൈനികർക്ക് നേരെ കല്ലേറ് നടത്തിയവരും സ്കൂളുകൾ അഗ്നിക്കിരയാക്കിയവരും പൊതുമുതൽ നശിപ്പിച്ചവരും പാകിസ്ഥാന് വേണ്ടി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നുവെന്നും എൻ ഐ എ കോടതിയിൽ വ്യക്തമാക്കി.
Discussion about this post