ഉധംപുർ: സ്വാതന്ത്ര്യം കിട്ടി 75 വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീരിലെ ഉധംപുരിലെ സദ്ദൽ ഗ്രാമത്തിൽ ആദ്യമായി വൈദ്യുതി എത്തി. കേന്ദ്ര സർക്കാരിന്റെ യുണൈറ്റഡ് ഗ്രാന്റ്സ് പദ്ധതി പ്രകാരമാണ് ഇവിടെ വൈദ്യുതി എത്തിയത്. തങ്ങൾക്ക് ആദ്യമായി വൈദ്യുതി ലഭ്യമാക്കിയ നരേന്ദ്ര മോദി സർക്കാരിന് ജനങ്ങൾ നന്ദി പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയരാൻ വൈദ്യുതിവത്കരണം വലിയ തോതിൽ സഹായിക്കുമെന്ന് ഗ്രാമീണ അധ്യാപകർ പറഞ്ഞു. ഇതുവരെ മെഴുകുതിരി വെളിച്ചത്തിലും റാന്തൽ വെളിച്ചത്തിലുമായിരുന്നു കുട്ടികളുടെ പഠനം.
വൈദ്യുതിക്ക് വേണ്ടിയുള്ള തലമുറകളുടെ കാത്തിരിപ്പാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്ന് ഗ്രാമവാസികൾ വാർത്താ ഏജൻസിയോട് പറഞ്ഞു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ത്രിതല പഞ്ചായത്ത് സംവിധാനം കാര്യക്ഷമമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സദ്ദലിൽ വൈദ്യുതി ലഭ്യമാക്കാനുള്ള തീരുമാനം ഉണ്ടായത്.
ഗ്രാമത്തിൽ വൈദ്യുതി ലഭ്യമാക്കിയതിന് കേന്ദ്ര സർക്കാരിനും പ്രാദേശിക ഭരണകൂടത്തിനും വൈദ്യുതി വകുപ്പിനും നന്ദി അറിയിക്കുന്നതായി ഗ്രാമമുഖ്യർ വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഫണ്ടിൽ നിന്നും വെറും 10.28 ലക്ഷം രൂപ മുടക്കിയാണ് ഗ്രാമത്തിൽ വൈദ്യുതീകരണം പൂർത്തിയാക്കിയതെന്ന് ഉധംപുർ വൈദ്യുതി വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ ജാവേദ് ഹുസൈൻ അക്തർ വിശദീകരിച്ചു.
Discussion about this post